ന്യൂഡൽഹി: പാർലമെന്റിന്റെ പ്രത്യേക സിറ്റിംഗിൽ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബിൽ ചർച്ച ചെയ്യില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. ബജറ്റ് സമ്മേളനം ഈ മാസം 16 വരെ നീട്ടിയ സാഹചര്യത്തിൽ, വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട നിർണ്ണായക മാറ്റങ്ങൾ ചർച്ച ചെയ്യാനാണ് സർക്കാർ നീക്കം.(FCRA amendment not in special sitting, Center gives priority to Women’s Reservation Bill)
ലോക്സഭാ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചുകൊണ്ട് 2029-ഓടെ വനിതാ സംവരണം നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായുള്ള ബിൽ മൂന്ന് ദിവസത്തിനുള്ളിൽ ഇരുസഭകളിലും പാസാക്കും. പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സ്ത്രീ വോട്ടർമാരുടെ പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ നീക്കം വേഗത്തിലാക്കുന്നത്.
പ്രത്യേക സിറ്റിംഗിൽ ചില പ്രധാന ബില്ലുകൾ ചർച്ച ചെയ്യാനുണ്ടെന്ന് മന്ത്രി കിരൺ റിജിജു നേരത്തെ സൂചിപ്പിച്ചിരുന്നു. ഇത് എഫ്.സി.ആർ.എ ഭേദഗതിയെക്കുറിച്ചാണോ എന്ന സംശയം ഉയർന്നിരുന്നെങ്കിലും, വനിതാ സംവരണ ബില്ലിന് മാത്രമേ നിലവിൽ സമയമുള്ളൂ എന്ന് സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു. പ്രത്യേക സിറ്റിംഗ് മെയ് അല്ലെങ്കിൽ ജൂൺ മാസത്തിലേക്ക് മാറ്റണമെന്ന് വിവിധ രാഷ്ട്രീയ കക്ഷികൾ ആവശ്യപ്പെട്ടെങ്കിലും സർക്കാർ ഇത് അംഗീകരിച്ചിട്ടില്ല. ഏപ്രിൽ 16-ന് സഭ ചേരുമ്പോൾ വനിതാ സംവരണ ബില്ലിലെ ഭേദഗതികൾക്കായിരിക്കും മുൻഗണന.

