രാജ്യത്തെ വായ്പാ മേഖല കരുത്താർജിക്കുന്നതായി പ്രമുഖ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനിയായ എക്സ്പീരിയന്റെ റിപ്പോർട്ട് (Experian India credit report 2026). 2025 ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിലെ മൊത്തം വായ്പ മുൻവർഷത്തെ അപേക്ഷിച്ച് 17 ശതമാനം വർധിച്ച് 130 ലക്ഷം കോടി രൂപയിലെത്തി. വായ്പകൾക്കുള്ള വർധിച്ച ആവശ്യകതയും ഉപഭോക്താക്കളുടെ കൃത്യമായ തിരിച്ചടവുമാണ് ഈ മുന്നേറ്റത്തിന് ആധാരം.
2025–26 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ (Q3) മാത്രം 20 ലക്ഷം കോടി രൂപയുടെ പുതിയ വായ്പകൾ രാജ്യത്ത് വിതരണം ചെയ്തു.
പുതിയ വായ്പകളിൽ 34 ശതമാനവും പണയ വായ്പകളാണ്. സ്വർണ്ണപ്പണയ വായ്പകൾക്ക് വലിയ തോതിലുള്ള സ്വീകാര്യതയാണ് വിപണിയിൽ ലഭിക്കുന്നത്.ക്രെഡിറ്റ് കാർഡ് അപേക്ഷകളിൽ ചെറിയ തോതിൽ കുറവുണ്ടായിട്ടുണ്ട്. സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിന്റെ ഭാഗമായി ആളുകൾ ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗത്തിൽ കൂടുതൽ സൂക്ഷ്മത പുലർത്തുന്നതാണ് ഇതിന് കാരണം.
വായ്പാ തിരിച്ചടവ് മുടങ്ങുന്ന സാഹചര്യങ്ങളിൽ (Defaults) ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഉപഭോക്താക്കൾക്കിടയിൽ വർധിച്ചു വരുന്ന ക്രെഡിറ്റ് അവബോധമാണ് ഇത് സൂചിപ്പിക്കുന്നത്.
അടിയന്തര സാമ്പത്തിക ആവശ്യങ്ങൾക്കായി വേഗത്തിൽ ലഭ്യമാകുന്ന സ്വർണ്ണപ്പണയ വായ്പകളെയാണ് സാധാരണക്കാർ ഇപ്പോൾ കൂടുതൽ ആശ്രയിക്കുന്നത്. ഡിജിറ്റൽ വായ്പാ സൗകര്യങ്ങൾ വർധിച്ചതും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ (NBFC) സജീവ ഇടപെടലും വായ്പാ വിപണിയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടി.
Story Summary:
According to the latest Experian report, India’s credit sector saw a 17% year-on-year growth, reaching ₹130 lakh crore by December 2025. The report highlights a surge in gold and secured loans, which account for 34% of new disbursements, while credit card applications saw a slight decline due to increased fiscal discipline.

