'30 പേർ മരിച്ചിട്ടും തിരഞ്ഞെടുപ്പ് കമ്മീഷൻ മൗനത്തിൽ': BLOമാരുടെ ആത്മഹത്യയിൽ വിമർശനം കടുപ്പിച്ച് പ്രതിപക്ഷം | BLO

ഇന്നലെ ആത്മഹത്യ ചെയ്ത ബി എൽ ഒയുടെ വീഡിയോ പുറത്തുവന്നിരുന്നു
'30 പേർ മരിച്ചിട്ടും തിരഞ്ഞെടുപ്പ് കമ്മീഷൻ മൗനത്തിൽ': BLOമാരുടെ ആത്മഹത്യയിൽ വിമർശനം കടുപ്പിച്ച് പ്രതിപക്ഷം | BLO
Updated on

ന്യൂഡൽഹി: രാജ്യത്ത് ജോലി സമ്മർദ്ദം മൂലം ബി.എൽ.ഒ.മാർ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷ പാർട്ടികൾ വിമർശനം ശക്തമാക്കി. ഇതുവരെ രാജ്യത്ത് 30 ബി.എൽ.ഒ.മാർ ആത്മഹത്യ ചെയ്തെന്നും, എന്നാൽ കമ്മീഷൻ ഒരു വരി പോലും അനുശോചനം രേഖപ്പെടുത്തിയില്ലെന്നും കോൺഗ്രസ് ആരോപിച്ചു. ജോലിഭാരം താങ്ങാനാകുന്നില്ലെന്ന് ഇന്നലെ ഉത്തർ പ്രദേശിൽ ആത്മഹത്യ ചെയ്ത ബി.എൽ.ഒ. പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്ന വീഡിയോ പുറത്തുവന്നതോടെയാണ് വിഷയം കൂടുതൽ ചർച്ചയായത്.(Election Commission is silent despite 30 deaths, Opposition slams BLO suicides)

ഉത്തർ പ്രദേശിലെ മൊറാദാബാദിൽ വീടിനകത്ത് തൂങ്ങിമരിച്ച ബി.എൽ.ഒ. സർവേഷ് സിം​ഗ് ആത്മഹത്യക്ക് തൊട്ടുമുമ്പ് മൊബൈലിൽ പകർത്തിയ ദൃശ്യമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രാവും പകലും പണിയെടുത്തിട്ടും സമയപരിധിക്കകം എസ്.ഐ.ആർ. ജോലി പൂർത്തിയാക്കാനായില്ലെന്ന് സർവേഷ് സിംഗ് ദൃശ്യങ്ങളിൽ പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്നുണ്ട്. "അമ്മ ക്ഷമിക്കണം" എന്നും അദ്ദേഹം പറയുന്നു.

സർവേഷിന്റെ ആത്മഹത്യ കുറിപ്പിലും ജോലിഭാരത്തെക്കുറിച്ച് പറയുന്നുണ്ട്. വേണ്ടത്ര പരിശീലനം പോലും നൽകാതെയാണ് ഉദ്യോഗസ്ഥരെ എസ്.ഐ.ആർ. ജോലി ഏൽപ്പിക്കുന്നതെന്ന് സർവേഷിന്റെ കുടുംബവും ചോദ്യം ചെയ്യുന്നു. പുറത്തുവന്ന ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനം കടുപ്പിക്കുന്നത്.

ബി.ജെ.പി.യുടെ ആജ്ഞാനുവർത്തികളായ കമ്മീഷൻ എല്ലാ സമ്മർദ്ദവും ബി.എൽ.ഒ.മാർക്കുമേൽ പ്രയോഗിക്കുകയാണെന്ന് കോൺഗ്രസ് പാർട്ടി ദേശീയ വക്താവ് ഷമ മുഹമ്മദ് ആരോപിച്ചു. ഇത്രയധികം ബി.എൽ.ഒ.മാർ ആത്മഹത്യ ചെയ്തിട്ടും തിരഞ്ഞെടുപ്പ് കമ്മീഷൻ മൗനം തുടരുന്നതിനെ ആം ആദ്മി പാർട്ടി വിമർശിച്ചു.

തിരഞ്ഞെടുപ്പ് വിജയിക്കാൻ ബി.ജെ.പി.യും അഴിമതിക്കാരായ ഉദ്യോഗസ്ഥരും വെറുപ്പുളവാക്കുന്ന രാഷ്ട്രീയമാണ് പ്രയോഗിക്കുന്നതെന്നും, മരിച്ച ബി.എൽ.ഒ.മാരുടെ കുടുംബത്തിന് ഒരു കോടി രൂപയും ജോലിയും നൽകണമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. വിഷയം പാർലമെന്റിൽ നിരന്തരം ഉന്നയിക്കുമെന്ന് തൃണമൂൽ കോൺഗ്രസും വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com