

ലക്നൗ : ഉത്തർപ്രദേശിലെ ബിജ്‌നോറിൽ ദേശീയ പാത-74-ൽ ഉണ്ടായ ദാരുണമായ അപകടത്തിൽ നവദമ്പതികളടക്കം ഏഴു പേർക്ക് ദാരുണാന്ത്യം. ഝാർഖണ്ഡിലെ വിവാഹത്തിന് ശേഷം ദമ്പതികൾ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്.മൊറാദാബാദ് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് വാടകയ്‌ക്കെടുത്ത വാഹനത്തിലാണ് ദമ്പതികൾ അടക്കമുള്ളവർ യാത്രചെയ്തത്. ഇതിനിടെ , കനത്ത മൂടൽ മഞ്ഞു വകവയ്ക്കാതെ മറ്റൊരു കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ദമ്പതികൾ സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
കൂട്ടിയിടിയിൽ വധുവും വരനും വരൻ്റെ കുടുംബത്തിലെ നാല് അംഗങ്ങളും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ബിജ്‌നോർ പോലീസ് സൂപ്രണ്ട് അഭിഷേക് സ്ഥിരീകരിച്ചു.ഓട്ടോറിക്ഷാ ഡ്രൈവർ പിന്നീട് ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി.പരിക്കേറ്റ മറ്റ് രണ്ട് പേരെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ പ്രവേശിപ്പിച്ചു.അപകടത്തിൽ പരിക്കേറ്റ കാർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദാരുണമായ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പറഞ്ഞു.പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ഉറപ്പാക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനും അദ്ദേഹം ജില്ലാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.