ബംഗളൂരു : ലൈംഗികാതിക്രമ കേസിൽ കന്നഡ നടനും സംവിധായകനുമായ ബി.ഐ ഹേമന്ത് കുമാർ അറസ്റ്റിൽ. ടെലിവിഷന്‍ താരമായ നടിയുടെ പരാതിയിലാണ് അറസ്റ്റ്. സിനിമയില്‍ നായികയായി അഭിനയിക്കാന്‍ അവസരം നല്‍കിയ ശേഷം നടിയോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.
2022ലാണ് ഹേമന്ത് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നടിയെ സമീപിച്ചത്. 3 എന്ന് പേരിട്ട സിനിമയില്‍ നായികാ വേഷമാണ് വാഗ്ദാനം ചെയ്തത്. രണ്ട് ലക്ഷം രൂപ പ്രതിഫലം നല്‍കാമെന്ന കരാറില്‍ ഒപ്പുവെക്കുകയും 60,000 രൂപ മുന്‍കൂറായി നല്‍കുകയും ചെയ്തിരുന്നു.
പിന്നീട് സിനിമയുടെ ചിത്രീകരണം ഹേമന്ത് മനഃപൂര്‍വം വൈകിപ്പിക്കുകയും നടിയെ ശല്യപ്പെടുത്താന്‍ തുടങ്ങുകയും ചെയ്തു. ശരീരം തുറന്നുകാണിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാനും അശ്ലീല രംഗങ്ങളില്‍ അഭിനയിക്കാനും നിര്‍ബന്ധിച്ചുകൊണ്ടാണ് ഇയാള്‍ നടിയെ ശല്യപ്പെടുത്തിയത്. ഷൂട്ടിങ്ങിനിടെ ഹേമന്ത് ലൈംഗികാതിക്രമം നടത്തിയെന്നും വഴങ്ങാതിരുന്നതോടെ ഭീഷണിപ്പെടുത്തിയെന്നും നടി പോലീസിൽ നൽകിയ പരാതിയില്‍ പറയുന്നു.
2023ല്‍ മുംബൈയിലെ പ്രൊമോഷണല്‍ പരിപാടിക്കിടെ താന്‍ കുടിച്ച പാനീയത്തില്‍ ഹേമന്ത് മയക്കുമരുന്ന് കലര്‍ത്തിയെന്നും അബോധാവസ്ഥയിലുള്ള തന്റെ വീഡിയോ ചിത്രീകരിച്ചെന്നും പരാതിയില്‍ പറയുന്നു. അതേസമയം കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.