ന്യൂഡൽഹി: രണ്ടുദിവസം മുൻപ് ഡൽഹിയിൽ കാറിനുള്ളിൽ മൂന്നുപേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസ് ചുരുളഴിയുന്നു (Delhi Car Death Case). ഉത്തർപ്രദേശിലെ ഫിറോസാബാദ് സ്വദേശിയും ‘ബാബ’ എന്നറിയപ്പെടുന്നതുമായ കമറുദ്ദീൻ എന്നയാളെ പോലീസ് പിടികൂടി. സാമ്പത്തിക നേട്ടം വാഗ്ദാനം ചെയ്ത് പൂജയുടെ പേരിൽ വിഷം കലർത്തിയ ലഡ്ഡു നൽകിയാണ് പ്രതി കൊലപാതകം നടത്തിയത്.
ലഡ്ഡുവിൽ മാരകമായ രാസവസ്തുക്കളും ഉറക്കഗുളികകളും ചേർത്താണ് ഇരകൾക്ക് നൽകിയത്. ഇവ കഴിച്ച മൂന്നുപേരും കാറിനുള്ളിൽ വച്ചുതന്നെ മരണപ്പെട്ടു. രൺധീർ (76), ശിവ നരേഷ് സിങ് (47), ലക്ഷ്മി ദേവി (40) എന്നിവരാണ് മരിച്ചത്. ധനികരാക്കുന്ന പൂജയ്ക്കായി നീളമുള്ള മുടിയുള്ള സ്ത്രീയെ വേണമെന്ന് പ്രതി ആവശ്യപ്പെട്ടതനുസരിച്ചാണ് ലക്ഷ്മി ദേവി സംഘത്തിനൊപ്പം ചേർന്നത്.
ഇരകളെ നിരാശരാക്കുന്നതിൽ പ്രതി സന്തോഷം കണ്ടെത്തിയിരുന്നു. കൈയ്യിലെ മുറിവുകൾ കാരണം ലക്ഷ്മി ദേവിക്ക് ദൈവീക സമ്പത്ത് ലഭിക്കാൻ അർഹതയില്ലെന്ന് ഇയാൾ പൂജയ്ക്കിടെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു.
മരിച്ചവരുടെ കുടുംബാംഗങ്ങൾ ആത്മഹത്യാ സാധ്യത തള്ളിക്കളഞ്ഞതോടെയാണ് പോലീസ് ശാസ്ത്രീയമായ അന്വേഷണം ആരംഭിച്ചത്. സിസിടിവി ദൃശ്യങ്ങളും ഫോൺ രേഖകളും പരിശോധിച്ചപ്പോൾ മരിച്ചവർ സംഭവത്തിന് മുൻപ് കമറുദ്ദീനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി. സംഭവദിവസം ഇവർ ഗാസിയാബാദിലെ ലോനി സന്ദർശിച്ചിരുന്നു. അവിടെ നിന്നും തിരികെ വരുമ്പോൾ കമറുദ്ദീനും കാറിലുണ്ടായിരുന്നു.
ഇതിനുമുൻപ് നടന്ന മറ്റ് നാല് കൊലപാതകങ്ങളിലും ഇയാൾക്ക് പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നു. ഇതോടെ ഇയാൾ നടത്തിയ മൊത്തം കൊലപാതകങ്ങളുടെ എണ്ണം ഏഴായേക്കാം. കവർച്ചയായിരുന്നു കൊലപാതകങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് ഡെപ്യൂട്ടി കമ്മിഷണർ സച്ചിൻ ശർമ്മ വ്യക്തമാക്കി.



