
സിംഗപ്പൂർ: ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യ. ഇന്ത്യൻ ചെസ്സ് താരം ഡി ഗുകേഷ് ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തി ലോക ചാമ്പ്യൻഷിപ്പ് കിരീടം നേടി (D Gukesh becomes World Chess champion). ഇന്ത്യയുടെ 18 കാരനായ ഗ്രാൻഡ് മാസ്റ്റർ ഗുകേഷ് , പതിനാലാമത്തെയും അവസാനത്തെയും മത്സരത്തിൽ നിലവിലെ ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തിയാണ് ലോക കിരീടം ചൂടിയത്.
1985-ൽ അനറ്റോലി കാർപോവിനെ തോൽപ്പിച്ച് 22-ാം വയസ്സിൽ ലോക ചാമ്പ്യനായ ഗാരി കാസ്പറോവിൻ്റെ പേരിലാണ് ഇതിനുമുമ്പ് ലോക റെക്കോർഡ്. വിശ്വനാഥൻ ആനന്ദിന് ശേഷം ഇന്ത്യയുടെ രണ്ടാമത്തെ ലോക ചെസ്സ് ചാമ്പ്യനാണ് ഗുകേഷ്.
സിംഗപ്പൂരിൽ നടന്ന ടൂർണമെൻ്റിൽ, 55-ാം നീക്കത്തിൽ ഡിങ് ഒരു തെറ്റ് വരുത്തി, ഈ അവസരം ഗുകേഷ് മുതലെടുത്തതോടെയാണ് ഡിങ് മത്സരത്തിൽ നിന്നും പുറത്തായത്. 7.5 പോയിൻ്റുകൾക്കായിരുന്നു ഗുകേഷിൻ്റെ വിജയം. 14-ാം ഗെയിം സമനിലയിൽ അവസാനിച്ചിരുന്നെങ്കിൽ മത്സരം ടൈ ബ്രേക്ക് ആകുമായിരുന്നു.ഈ വർഷമാദ്യം ലോക ചെസ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നതിനുള്ള കാൻഡിഡേറ്റ്സ് ടൂർണമെൻ്റിൽ ഗുകേഷ് വിജയിച്ചിരുന്നു. പിന്നീട് ഹംഗറിയിൽ നടന്ന ചെസ് ഒളിമ്പ്യാഡിൽ സ്വർണം നേടി.