
ബെംഗളൂരു : കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ബുധനാഴ്ച ഡൽഹിയിലെത്തി കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യയും വ്യാഴാഴ്ച ഡൽഹി സന്ദർശിക്കുന്നു.
അതേസമയം, വെള്ളിയാഴ്ച നടക്കുന്ന കോൺഗ്രസ് പ്രവർത്തക സമിതി (സിഡബ്ല്യുസി) യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ സിദ്ധരാമയ്യ, മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, എഐസിസി ജനറൽ സെക്രട്ടറി കെസി വേണു ഗോപാൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. കെ.പി.സി.സി അധ്യക്ഷസ്ഥാനം സംബന്ധിച്ച് ചർച്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
ഉപതെരഞ്ഞെടുപ്പിൽ കർണാടകയിലെ 3 നിയമസഭാ സീറ്റുകളിലും (ഷിഗാവ്, സന്ദൂർ, ചന്നപട്ടണ) കോൺഗ്രസ് വിജയിച്ചിരുന്നു.മുട, എക്സൈസ്, വാൽമീകി കോർപ്പറേഷൻ അഴിമതി ആരോപണങ്ങൾക്കിടയിലും വിജയിക്കാനായത് സിദ്ധരാമയ്യയുടെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്..
ഈ സാഹചര്യത്തിൽ കെപിസിസി അധ്യക്ഷൻ മാറ്റം, നാല് എംഎൽസിമാരുടെ സ്ഥാനാർഥിത്വം, മന്ത്രിസഭാ പുനഃസംഘടന എന്നിവ സിഡബ്ല്യുസി യോഗത്തിന് ശേഷം സിദ്ധരാമയ്യ ഹൈക്കമാൻഡുമായി ചർച്ച ചെയ്തേക്കുമെന്നാണ് സൂചന.
എംഎൽസി സ്ഥാനാർത്ഥികളുടെ പേരുകൾ ഇതിനകം തന്നെ പൂർത്തിയായിട്ടുണ്ടെന്നും അവർ കോൺഗ്രസ് നേതാക്കളുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നുമാണ് റിപ്പോർട്ട്.