'കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ നവംബർ 3-ന് നേരിട്ട് ഹാജരാകണം': തെരുവ് നായ പ്രശ്നത്തിൽ കടുപ്പിച്ച് സുപ്രീംകോടതി | Stray dog

തെലങ്കാന, പശ്ചിമബംഗാൾ സംസ്ഥാനങ്ങളും ഡൽഹി മുനിസിപ്പൽ കോർപ്പറേഷനും മാത്രമാണ് മറുപടി സമർപ്പിച്ചത്
Chief Secretaries of states including Kerala must appear in person on November 3, SC on stray dog ​​issue
Published on

ന്യൂഡൽഹി: തെരുവുനായ വിഷയത്തിൽ സുപ്രീംകോടതി വീണ്ടും നിലപാട് കടുപ്പിച്ചു. കോടതി നോട്ടീസിന് മറുപടി നൽകാത്ത കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ നവംബർ 3-ന് നേരിട്ട് ഹാജരായേ മതിയാകൂ എന്ന് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.(Chief Secretaries of states including Kerala must appear in person on November 3, SC on stray dog ​​issue)

സ്വമേധയാ എടുത്ത കേസിലാണ് സുപ്രീംകോടതിയുടെ ഈ കർശന നിർദ്ദേശം. നോട്ടീസിന് മറുപടി നൽകാത്തതിനെതിരെ കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. എന്തുകൊണ്ട് മറുപടി നൽകിയില്ലെന്ന് ചീഫ് സെക്രട്ടറിമാർ നേരിട്ട് വിശദീകരിക്കണമെന്ന് ജസ്റ്റിസ് വിക്രം നാഥ് വ്യക്തമാക്കി.

"കോടതിയുടെ നോട്ടീസിന് മുകളിൽ അവർ ഉറങ്ങുകയായിരുന്നു. എന്തുകൊണ്ട് നോട്ടീസ് നൽകിയില്ലെന്ന് അവർ തന്നെ വിശദീകരിക്കണം." ചീഫ് സെക്രട്ടറിമാരെ ഓൺലൈനായി ഹാജരാകാൻ അനുവദിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം കോടതി തള്ളി.

നായ്ക്കളെ പിടികൂടി ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ഉത്തരവിറക്കിയിരുന്നു. പിന്നീട് ഈ വിധിയിൽ ചില പരിഷ്കാരങ്ങൾ വരുത്തിയ ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച്, എ.ബി.സി. (Animal Birth Control) ചട്ടങ്ങളുമായി ബന്ധപ്പെട്ട് ദേശീയ നയരൂപീകരണത്തിൽ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും മറുപടി തേടിയിരുന്നു.

തെലങ്കാന, പശ്ചിമബംഗാൾ സംസ്ഥാനങ്ങളും ഡൽഹി മുനിസിപ്പൽ കോർപ്പറേഷനും മാത്രമാണ് മറുപടി സമർപ്പിച്ചത്. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്. തെരുവുനായ പ്രശ്നം ആവർത്തിക്കുന്നത് വിദേശരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ താഴ്ന്നുപോകാൻ കാരണമാകുകയാണെന്നും കോടതി നിരീക്ഷിച്ചു.

നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് ചില സംസ്ഥാനങ്ങളുടെ അഭിഭാഷകർ അറിയിച്ചപ്പോൾ, "ഇത്രയേറെ ചർച്ചയായ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത സംഭവം നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടില്ലേ" എന്ന് കോടതി ചോദിച്ചു. ഈ കാര്യത്തിൽ വീഴ്ചയുണ്ടായെന്ന് നിരീക്ഷിച്ചാണ് കോടതി കർശന നിലപാട് സ്വീകരിച്ചത്. നായ്ക്കൾക്കെതിരായ ക്രൂരതയെക്കുറിച്ച് അഭിഭാഷകൻ പരാമർശിച്ചപ്പോൾ, "മനുഷ്യരോടുള്ള ക്രൂരതയെക്കുറിച്ച് എന്താണ് പറയാനുള്ളത്" എന്ന് കോടതി ചോദിച്ചു. രാജ്യം നേരിടുന്ന ഈ വിഷയത്തിൽ കോടതിയുടെ ഇടപെടൽ ഒരു പരിഹാരത്തിന് വഴിയൊരുക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

Related Stories

No stories found.
Times Kerala
timeskerala.com