ന്യൂഡൽഹി: രാജ്യത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഓൺലൈൻ ചൂതാട്ട (Betting), ബെറ്റിംഗ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ കർശന നടപടിയുമായി കേന്ദ്ര ഐടി മന്ത്രാലയം (Online Gambling Ban India). പുതുതായി 300 വെബ്‌സൈറ്റുകളും ആപ്പുകളും കൂടി സർക്കാർ ബ്ലോക്ക് ചെയ്തു. യുവാക്കളെ സാമ്പത്തിക ബാധ്യതകളിലേക്കും കടുക്കെണിയിലേക്കും തള്ളിവിടുന്ന പ്ലാറ്റ്‌ഫോമുകളെ തുടച്ചുനീക്കുകയാണ് ലക്ഷ്യം. ഐടി ആക്ട് സെക്ഷൻ 69A പ്രകാരമാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
സ്പോർട്സ് ബെറ്റിംഗ്, ഓൺലൈൻ കാസിനോ ഗെയിമുകൾ തുടങ്ങിയവ വാഗ്ദാനം ചെയ്യുന്ന സൈറ്റുകൾക്കെതിരെയാണ് നടപടി. ഇതോടെ രാജ്യത്ത് നിരോധിക്കപ്പെട്ട ചൂതാട്ട സൈറ്റുകളുടെ ആകെ എണ്ണം 8,400 ആയി ഉയർന്നു. ഓൺലൈൻ ഗെയിമിംഗ് മേഖലയെ നിയന്ത്രിക്കുന്നതിനായി 2025-ൽ പാസാക്കിയ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ നീക്കം. ഇത് ഇത്തരം പ്ലാറ്റ്‌ഫോമുകൾക്ക് മേൽ സർക്കാരിന് കൂടുതൽ നിയന്ത്രണാധികാരം നൽകുന്നു.
ചൂതാട്ട സൈറ്റുകൾ വഴി രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ (Money Laundering) നടക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് അടിയന്തര നടപടി. നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന പ്ലാറ്റ്‌ഫോമുകൾക്ക് ഒന്ന് മുതൽ ഏഴ് വർഷം വരെ തടവും കനത്ത പിഴയും ശിക്ഷയായി ലഭിക്കും.
യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന ഓൺലൈൻ ചൂതാട്ട പ്രവണത തടയാൻ വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. സൈബർ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കൂടുതൽ ആപ്പുകൾ നിരീക്ഷണത്തിലാണ്.
Story Summary:
The Union Ministry of Electronics and Information Technology (MeitY) has intensified its crackdown on illegal online gambling by blocking 300 more websites and apps. This brings the total number of banned betting platforms in India to 8,400. Acting under Section 69A of the IT Act and the new gaming regulations of 2025, the government aims to protect youth from financial debt and address potential national security risks linked to money laundering.

