
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലെ മുൻ ആർജി കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സന്ദീപ് ഘോഷും ബന്ധുക്കളുമായി ബന്ധപ്പെട്ട ഒന്നിലധികം സ്ഥലങ്ങളിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ്റെ (സിബിഐ) അഴിമതി വിരുദ്ധ ബ്രാഞ്ച് ഞായറാഴ്ച റെയ്ഡ് നടത്തി.
ഡോ.ഘോഷും ബന്ധുക്കളുമായി ബന്ധപ്പെട്ട് നഗരത്തിലുടനീളം 15 സ്ഥലങ്ങളിൽ തിരച്ചിൽ നടക്കുന്നുണ്ടെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു.
ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി ഡെമോൺസ്ട്രേറ്റർ ഡോ ദേബാശിഷ് സോമിൻ്റെ വസതിയിലും സിബിഐ സംഘം ഞായറാഴ്ച രാവിലെ എത്തിയിരുന്നു. സ്ഥാപനത്തിലെ അഴിമതിയും ക്രമക്കേടുകളും ആരോപിച്ച് ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രി മുൻ ഡെപ്യൂട്ടി സൂപ്രണ്ട് അക്തർ അലി മൂന്ന് ദിവസം മുമ്പ് നൽകിയ പരാതിയെ തുടർന്നാണ് ഈ നടപടികൾ.
ശനിയാഴ്ച, കൊൽക്കത്ത ഹൈക്കോടതിയുടെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ ഡോ. സന്ദീപ് ഘോഷിനെതിരെ സിബിഐ പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) ഫയൽ ചെയ്തു. മെഡിക്കൽ കോളേജിലെ അഴിമതിയെക്കുറിച്ച് സിബിഐ അന്വേഷിക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.