ഭോപ്പാൽ: ജോലി വാഗ്ദാനം നൽകി യുവതികളെ കെണിയിൽപ്പെടുത്തി പെൺവാണിഭത്തിനും മതപരിവർത്തനത്തിനും നിർബന്ധിച്ച സംഭവത്തിൽ ഭോപ്പാലിലെ രണ്ട് സഹോദരിമാരെ പോലീസ് അറസ്റ്റ് ചെയ്തു (Bhopal Human Trafficking). അമ്രീൻ, അഫ്രീൻ എന്നിവരെയും ഇവരുടെ കൂട്ടാളി ചന്ദൻ യാദവിനെയുമാണ് ബാഗ് സെവാനിയ പോലീസ് പിടികൂടിയത്. കേസിൽ ഉൾപ്പെട്ട ബിലാൽ, ചാനു, യാസിർ എന്നിവർക്കായി തിരച്ചിൽ തുടരുകയാണ്.
അബ്ബാസ് നഗറിലെ ഒരു ചേരിയിൽ താമസിച്ചിരുന്ന ഈ സഹോദരിമാർ ചുരുങ്ങിയ കാലയളവിനുള്ളിൽ ഭോപ്പാലിലെ ആഡംബര വില്ലയിലേക്ക് താമസം മാറിയിരുന്നു. ദരിദ്ര പശ്ചാത്തലത്തിലുള്ള യുവതികൾക്ക് വീട്ട ജോലി വാഗ്ദാനം നൽകിയാണ് ഇവർ വലയിലാക്കിയിരുന്നത്. പത്തായിരം രൂപ ശമ്പളവും താമസവും ഭക്ഷണവും നൽകുമെന്ന് വിശ്വസിപ്പിച്ച് വില്ലയിൽ എത്തിക്കുന്ന പെൺകുട്ടികളെ പിന്നീട് പാർട്ടി കൾച്ചറിലേക്കും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാക്കി മാറ്റുകയും പണക്കാരായ പുരുഷന്മാർക്ക് കാഴ്ചവെക്കുകയുമായിരുന്നു പതിവ്. യുവതികളുടെ സ്വകാര്യ ചിത്രങ്ങൾ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്താണ് ഇവരെ സംഘം വരുതിയിലാക്കിയിരുന്നത്.
മതപരിവർത്തനവുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണങ്ങളും എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. താൻ ഇസ്ലാം മതം സ്വീകരിച്ചുവെന്നും യുവതിയോട് മതം മാറാൻ പ്രതികളിലൊരാളായ ചന്ദൻ യാദവ് നിർബന്ധിച്ചതായും പരാതിയിലുണ്ട്. യുവതികളെ ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോയിരുന്നതായും പ്രതികളുടെ ഫോണിൽ നിന്ന് നിരവധി പെൺകുട്ടികളുടെ ചിത്രങ്ങൾ കണ്ടെടുത്തതായും പോലീസ് അറിയിച്ചു. അന്തർസംസ്ഥാന ബന്ധങ്ങളുള്ള വലിയൊരു ക്രിമിനൽ ശൃംഖലയുടെ ഭാഗമാണിതെന്ന് പോലീസ് സംശയിക്കുന്നു.
Summary: Two sisters, Amreen and Afreen, were arrested in Bhopal for allegedly running a sex and conversion racket by trapping vulnerable women with job offers.

