ബെംഗളൂരു: രാജ്യം പാചകവാതകക്ഷാമം നേരിടുമെന്ന ആശങ്ക നിലനിൽക്കുന്നതിനിടെ ബെംഗളൂരുവിൽ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന എൽപിജി സിലിണ്ടറുകൾ മോഷ്ടാക്കൾ കവർന്നു (Bengaluru Cylinder Theft). വ്യാഴാഴ്ച ഉഗാദി ആഘോഷങ്ങൾക്കിടെ ബെംഗളൂരുവിലെ ബേഗൂരിലാണ് സംഭവം നടന്നത്. ഹെൽമെറ്റ് ധരിച്ചെത്തിയ രണ്ട് യുവാക്കൾ സ്കൂട്ടറിലെത്തി സിലിണ്ടറുകൾ കടത്തിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങൾ പ്രകാരം, സ്കൂട്ടറിലെത്തിയ സംഘത്തിലെ ഒരാൾ വീടിനുള്ളിലേക്ക് കയറുകയും മറ്റൊരാൾ പുറത്ത് കാവൽ നിൽക്കുകയും ചെയ്തു. മിനിറ്റുകൾക്കുള്ളിൽ രണ്ട് സിലിണ്ടറുകളുമായി ഇയാൾ പുറത്തുവരികയും തുടർന്ന് ഇരുവരും സ്കൂട്ടറിൽ രക്ഷപ്പെടുകയുമായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
മധ്യേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് പാചകവാതക വിതരണത്തിൽ തടസ്സം നേരിടുമെന്ന വാർത്തകൾ പരന്നതോടെ പലയിടങ്ങളിലും സിലിണ്ടറുകൾക്കായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടെയാണ് ആഘോഷദിവസം തന്നെ ഇത്തരമൊരു മോഷണം നടന്നത്. ഗ്യാസ് ലഭ്യത കുറയുമെന്ന ഭീതിയെത്തുടർന്ന് പലരും ഇൻഡക്ഷൻ കുക്കറുകളിലേക്ക് മാറാൻ തുടങ്ങിയതോടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഇത്തരം ഉൽപ്പന്നങ്ങൾക്ക് വൻ ക്ഷാമം നേരിടുന്നുണ്ട്.
Summary
Two unidentified men stole LPG cylinders from a residence in Bengaluru’s Begur area during Ugadi celebrations. The theft occurred amid widespread public concern over potential cooking gas shortages due to the ongoing conflict in the Middle East.

