ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ ഡൽഹി നിസാമുദ്ദീൻ ഈസ്റ്റിലെ വസതിയിൽ ചൊവ്വാഴ്ച രാവിലെ അസം പോലീസ് പരിശോധന നടത്തി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്ക്ക് മൂന്ന് പാസ്പോർട്ടുകൾ ഉണ്ടെന്ന പവൻ ഖേരയുടെ ആരോപണത്തിന് പിന്നാലെയാണ് പോലീസ് നടപടി. ഡൽഹി പോലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന.(Assam Police raid Pawan Khera’s residence, ‘Objectionable documents’ reportedly seized)
റെയ്ഡ് സമയത്ത് പവൻ ഖേര വീട്ടിലുണ്ടായിരുന്നില്ല. അദ്ദേഹം നിലവിൽ ഹൈദരാബാദിലാണെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. അദ്ദേഹം ഇന്നലെ ഗുവാഹത്തിയിൽ നിന്ന് കടന്നുകളഞ്ഞു. പോലീസ് ഡൽഹിയിലെ വീട്ടിലെത്തിയെങ്കിലും അദ്ദേഹം ഹൈദരാബാദിലേക്ക് പോയതായാണ് മാധ്യമങ്ങളിലൂടെ അറിഞ്ഞത്. നിയമം അതിന്റെ വഴിക്ക് പോകും, ഹിമന്ത ബിശ്വ ശർമ്മ വാർത്താ ഏജൻസിയോട് പറഞ്ഞു.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പോലീസ് സംഘം മടങ്ങിയത്. പരിശോധനയിൽ വീട്ടിൽ നിന്ന് ചില ‘ആക്ഷേപകരമായ രേഖകൾ’ കണ്ടെടുത്തതായി അസം പോലീസ് ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് പവൻ ഖേര ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഭാര്യ റിനികി ഭൂയാൻ ശർമ്മയ്ക്ക് മൂന്ന് പാസ്പോർട്ടുകൾ ഉണ്ടെന്നും അമേരിക്കയിൽ ഈ കുടുംബത്തിന് 52,000 കോടി രൂപയുടെ ബിസിനസ് നിക്ഷേപമുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ തിങ്കളാഴ്ച റിനികി ഭൂയാൻ ശർമ്മ നൽകിയ എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

