
ദുർഗാപൂർ: പശ്ചിമ ബംഗാളിൽ ദുർഗാപൂരിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജ് കാമ്പസിനോട് ചേർന്നുള്ള ആശുപത്രി വളപ്പിൽ വെച്ച് രണ്ടാം വർഷ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി. ഒഡീഷയിലെ ജാലേശ്വർ സ്വദേശിനിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്.
കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെയാണ് സംഭവം.മെഡിക്കൽ കോളേജ് കാമ്പസ് ഗേറ്റിന് സമീപം വെച്ച്, സുഹൃത്തിനൊപ്പം പുറത്തേക്ക് വന്ന വിദ്യാർഥിനിയെ ഒരാൾ ബലം പ്രയോഗിച്ച് ആശുപത്രിക്ക് പിന്നിലെ ആളൊഴിഞ്ഞ ഭാഗത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തെക്കുറിച്ച് കോളേജ് ജീവനക്കാർ, വിദ്യാർഥിനിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് എന്നിവരുൾപ്പെടെയുള്ളവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
അതേസമയം , മകളുടെ സുഹൃത്താണ് തന്നെ വിവരമറിയിച്ചതെന്ന് വിദ്യാർഥിനിയുടെ പിതാവ് പറഞ്ഞു."ഞാൻ അവിടെ എത്തിയപ്പോൾ എൻ്റെ മകളുടെ നില ഗുരുതരമായിരുന്നു, എന്നാൽ ആശുപത്രി അധികൃതരിൽ നിന്ന് ഒരു പ്രതികരണവും ലഭിച്ചില്ല," അദ്ദേഹം ആരോപിച്ചു. സുഹൃത്ത് വിളിച്ചതിനെത്തുടർന്ന് മകൾ ഗോൾഗപ്പ കഴിക്കാനായി കാമ്പസിന് പുറത്ത് പോയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.