ഹരിദ്വാർ: അഫ്ഗാനിസ്ഥാനിൽ നിന്നും പാകിസ്ഥാനിൽ നിന്നുമെത്തിയ ഹിന്ദു അഭയാർത്ഥികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ തന്നെ ഈ രാജ്യത്ത് തുല്യ അവകാശമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah CAA Citizenship Distribution Haridwar). ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നടന്ന ‘ജൻ-ജൻ കി സർക്കാർ: ചാർ സാൽ ബേമിസാൽ’ എന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള 200 അഭയാർത്ഥികൾക്ക് പൗരത്വ ഭേദഗതി നിയമപ്രകാരം (CAA) പൗരത്വം വിതരണം ചെയ്തു.
പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നപ്പോൾ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ കക്ഷികൾ അതിനെ ശക്തമായി എതിർത്തിരുന്നുവെന്ന് അമിത് ഷാ ഓർമ്മിപ്പിച്ചു. പ്രീണന രാഷ്ട്രീയം കാരണമാണ് ഇത്രയും കാലം ഇവർക്ക് അവകാശങ്ങൾ നിഷേധിക്കപ്പെട്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധി എത്ര തന്നെ പ്രതിഷേധിച്ചാലും അർഹരായവർക്ക് പൗരത്വം നൽകുന്ന നടപടിയുമായി സർക്കാർ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊളോണിയൽ കാലത്തെ നിയമങ്ങൾ മാറ്റിയെഴുതിയെന്നും ഭാരതീയ ന്യായ സംഹിത (BNS) 2028-ഓടെ പൂർണ്ണമായും നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുഷ്കർ സിംഗ് ധാമി സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഉത്തരാഖണ്ഡ് സംസ്ഥാന രൂപീകരണത്തിനായി പോരാടിയ യുവാക്കളെ അമിത് ഷാ പ്രശംസിച്ചു. അന്ന് കോൺഗ്രസും സമാജ്‌വാദി പാർട്ടിയും സംസ്ഥാന രൂപീകരണ പ്രക്ഷോഭത്തെ അടിച്ചമർത്താനാണ് ശ്രമിച്ചതെന്നും എന്നാൽ ബിജെപി നേതാക്കളും മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുമാണ് ഉത്തരാഖണ്ഡ് രൂപീകരണത്തിനായി പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അമിത് ഷായെ ആദരിച്ചു.
Summary: Union Home Minister Amit Shah, while granting citizenship to 200 refugees from Pakistan and Afghanistan under the CAA in Haridwar, asserted that Hindu refugees have the same rights to India as Prime Minister Narendra Modi.

