ന്യൂഡൽഹി: ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ ആമസോണിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന ഗ്രാഫിക്സ് കാർഡ് ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് സോപ്പ് പൊടി (Amazon RTX 5090 Fraud). തന്റെ സ്റ്റാർട്ടപ്പിനായി 2.9 ലക്ഷം രൂപയുടെ ‘ഗീഗാബൈറ്റ് ആർടിഎക്സ് 5090’ (GIGABYTE RTX 5090) ഓർഡർ ചെയ്ത സ്വാഗത് നായക് എന്ന യുവാവിനാണ് ഈ ദുരനുഭവം ഉണ്ടായത്. ആമസോൺ വെയർഹൗസിൽ നിന്ന് നേരിട്ട് അയക്കുന്ന ‘ഫുൾഫിൽഡ് ബൈ ആമസോൺ’ സൗകര്യത്തിലൂടെയാണ് ഇത് വാങ്ങിയതെങ്കിലും തട്ടിപ്പിന് ഇരയാകുകയായിരുന്നു.
പാക്കറ്റ് തുറന്നപ്പോൾ ഒരു കിലോ ‘ഘടി’ ഡിറ്റർജന്റ് പൗഡറാണ് ഇതിനുള്ളിൽ ഉണ്ടായിരുന്നത്. നിർമ്മാതാക്കളുടെ സീൽ മുറിച്ചുമാറ്റി ഒട്ടിച്ചതായും ബോക്സിന് മുകളിൽ വ്യാജ ബാർകോഡ് പതിപ്പിച്ചതായും യുവാവ് ആരോപിക്കുന്നു. താൻ നൽകിയ പരാതി ആമസോൺ വെറും 15 മിനിറ്റിനുള്ളിൽ ക്ലോസ് ചെയ്തതായും റീഫണ്ട് നൽകാൻ വിസമ്മതിക്കുന്നതായും അദ്ദേഹം എക്സിലൂടെ വെളിപ്പെടുത്തി. തെളിവായി പാക്കേജിന്റെ ഭാരത്തിലുള്ള വ്യത്യാസവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു; 3 കിലോയോളം ഭാരം വരേണ്ട ഗ്രാഫിക്സ് കാർഡ് ബോക്സിന് ഷിപ്പിംഗ് ലേബലിൽ രേഖപ്പെടുത്തിയിരിക്കുന്നത് 1.56 കിലോ മാത്രമാണ്. ഇത് സോപ്പ് പൊടിയുടെ ഭാരത്തിന് കൃത്യമായി തുല്യമാണെന്നും യുവാവ് പറയുന്നു.
Scammed for ₹2.9L on @AmazonIN. Ordered a GIGABYTE RTX 5090 for our startup, received 1kg of Ghadi detergent. This was “Fulfilled by Amazon” (FBA), meaning it was stored and shipped directly from an Amazon warehouse. @AmazonHelp #AmazonScam #ConsumerRights [more in thread] pic.twitter.com/NfgUL0jmvL
— Swagat Nayak (@autocarrrot) March 22, 2026
യുവാവ് പങ്കുവെച്ച അൺബോക്സിംഗ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. സമാനമായ രീതിയിൽ ഓൺലൈൻ തട്ടിപ്പിന് ഇരയായ നിരവധി പേർ പ്രതികരണങ്ങളുമായി രംഗത്തെത്തി. എന്നാൽ, വീഡിയോ എഡിറ്റ് ചെയ്തതാണോ എന്ന് സംശയം പ്രകടിപ്പിച്ചും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. ഐഫോണും മറ്റ് വിലപിടിപ്പുള്ള ഇലക്ട്രോണിക് സാധനങ്ങളും ഓർഡർ ചെയ്യുമ്പോൾ സോപ്പും കല്ലും ലഭിക്കുന്ന വാർത്തകൾക്ക് പിന്നാലെയാണ് ഈ പുതിയ സംഭവവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

