
റായ്ച്ചൂർ: മസ്‌കി താലൂക്കിലെ എസ് ബുദ്ദിനി ഗ്രാമത്തിലെ നിവാസികളുടെ ജീവിതം പൊറുതി മുട്ടിച്ചിരിക്കുകയാണ് ഒരു കുരങ്ങൻ. വീടിനു പുറത്തിറങ്ങാനോ, കൃഷിയിടത്തിലേക്ക് പോകാനോ പറ്റാത്ത അവസ്ഥയിലാണ് ഗ്രാമവാസികൾ. ഒറ്റക്കെത്തുന്ന ഈ കുരങ്ങൻ വീടുകളിൽ കയറി ഭക്ഷണ സാധനങ്ങൾ തട്ടിയെടുക്കുകയും, ആളുകളുടെ മേൽ ചാടി പരിക്കേൽപ്പിക്കുകയും ചെയ്യുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഇതിനിടെ ഒരു സ്ത്രീയുടെ കൈയ്യും കുരങ്ങൻ കടിച്ച് പരിക്കേൽപ്പിച്ചു.( A monkey terrorized the entire village; Villagers are unable to leave their homes)
കുരങ്ങൻ ഗ്രാമത്തിൽ ആടുകളെ വരെ ഉപദ്രവിക്കാറുണ്ടെന്നും ഗ്രാമവാസികൾ പറയുന്നു. കുരങ്ങിനെ പിടികൂടി വനത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് വനം വകുപ്പിനെയും ഗ്രാമപ്പഞ്ചായത്തിനെയും സമീപിച്ചിരിക്കുകയാണ് ഗ്രാമവാസികൾ.
എന്നാൽ, ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും ഇവർ ആരോപിക്കുന്നു.
കഴിഞ്ഞ 20 ദിവസമായി കുരങ്ങൻ തങ്ങളെ ശല്യപ്പെടുത്തുന്നുണ്ടെന്ന് ഗ്രാമവാസിയായ നാഗറെദ്ദപ്പ പറയുന്നു. "ഇത് ആളുകളെ ആക്രമിക്കുന്നു, ഒരു സ്ത്രീ ഇതിനകം ആക്രമിക്കപ്പെട്ടു. ആടുകളേയും സ്കൂൾ വിദ്യാർത്ഥികളേയും ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. പ്രശ്നം ഗ്രാമപഞ്ചായത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അവർ കൈകഴുകുകയായിരുന്നു. പഞ്ചായത്ത് വികസന ഓഫീസർ തങ്ങൾക്ക് കത്തെഴുതണമെന്നും കുരങ്ങിനെ പിടിക്കുന്നതിനുള്ള ചെലവ് വഹിക്കണമെന്നും വനംവകുപ്പ് പറയുന്നു. ഗ്രാമപ്പഞ്ചായത്തിന് ഫണ്ടില്ലെന്ന് പി.ഡി.ഒയും പറയുന്നു. എത്രയും വേഗം കുരങ്ങിനെ മാറ്റിപ്പാർപ്പിക്കാൻ അധികാരികളോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു-അദ്ദേഹം പറഞ്ഞു.