
1971 ഇന്ത്യ- പാക് യുദ്ധം, രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകത്തെ തന്നെ ആകെ ഭീതിയിലാഴ്ത്തിയ യുദ്ധങ്ങളിലൊന്ന്. അടിച്ചമർത്തലിനെതിരെയുള്ള വിജയത്തിന് സാക്ഷ്യം വഹിച്ച ദിവസമാണ് ഡിസംബർ 16 (Vijay Diwas). 1971 ലെ ഇന്ത്യ – പാക് യുദ്ധത്തിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ നടത്തിയ പോരാട്ടത്തിൻ്റെയും വിജയത്തിൻ്റെയും സ്മരണയാണ് ഡിസംബർ 16 വിജയ് ദിവസായി ആചരിക്കുന്നത്. ലോകശക്തികൾക്ക് മുൻപിൽ ബംഗ്ലാദേശ് ജനതയെ മോചിപ്പിക്കാനും പുതിയ വിധി രൂപപ്പെടുത്താനും ഇന്ത്യ നടത്തിയ പോരാട്ടത്തിൻ്റെ ഓർമ്മപ്പെടുത്തലാണ് വിജയ് ദിവസ്.
1971 ലെ ഇന്ത്യ- പാക് യുദ്ധത്തിൻ്റെ സമാപനം കുറിച്ച ദിവസം കൂടിയാണ് ഡിസംബർ 16. 1970 ൽ പാക്കിസ്ഥാനിലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം പാക്കിസ്ഥാനിൽ അരങ്ങേറിയ സംഭവവികാസങ്ങളെ പിന്തുടർന്നാണ് 1971 ലെ യുദ്ധത്തിൽ കലാശിച്ചത്. കിഴക്കൻ പാക്കിസ്ഥാനിലെ (നിലവിലെ ബംഗ്ലാദേശ്) അവാമി ലീഗ് തിരഞ്ഞെടുപ്പിൽ 167 സീറ്റുകൾ നേടിയതോടെ പ്രശ്നങ്ങൾ രൂക്ഷമാവുകയായിരുന്നു. അവാമി ലീഗിൻ്റെ വിജയം അംഗീകരിക്കാൻ പാക്കിസ്ഥാൻ തയ്യാറായിരുന്നില്ല.
313 അംഗ ലോക്സഭയിൽ ഷെയ്ഖ് മുജീബുർ റഹ്മാൻ്റെ നേതൃത്വത്തിലുള്ള അവാമി ലീഗ് പുതിയ നിയമ സഭ രൂപീകരിക്കുന്നതിനുള്ള അവകാശവാദം ഉന്നയിച്ചിരുന്നു. പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവ് സുൽഫിക്കർ അലി ഭൂട്ടോ അവാമി ലീഗിൻ്റെ ഈ ആവശ്യം പൂർണ്ണമായും നിരസിച്ചു. ഇതേ തുടർന്ന് കിഴക്കൻ പാക്കിസ്ഥാനിൽ നിരവധി പ്രതിഷേധങ്ങൾ ഉയർന്നു വന്നു. രാജ്യത്ത് ഉയർന്നു വന്ന പ്രതിഷേധം അടിച്ചമർത്തുന്നതിനായി പ്രസിഡന്റ് ആഘ മുഹമ്മദ് യഹ്യാ ഖാൻ സൈന്യത്തെ കൊണ്ട് അവാമി ലീഗിൻ്റെ പ്രവർത്തകരെ നിശബ്ദരാക്കുവാൻ ശക്തമായി ശ്രമങ്ങൾ നേടിയിരുന്നു. ഇതിൻ്റെ ഫലമായി രാജ്യത്തുടനീളം ആക്രമണങ്ങൾ
അഴിച്ചുവിടുകയായിരുന്നു. ആയിരക്കണക്കിന് ജനങ്ങൾ കൊല്ലപ്പെടുകയും ബലാത്സംഗം ചെയ്യപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്യപ്പെട്ടു. ഇത് ഇന്ത്യയെ വലിയൊരു അഭയാർത്ഥി പ്രതിസന്ധിയിലേക്ക് നയിച്ചു.
പാക്കിസ്ഥാൻ്റെ അടിച്ചമർത്തലുകൾക്കിടയിലും കിഴക്കൻ പാക്കിസ്ഥാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു, 1971 മാർച്ച് 26 ൽ ബംഗ്ലാദേശ് എന്ന രാജ്യം പ്രഖ്യാപിച്ചു. പാക്കിസ്ഥാനെതിരെ പൊരുതുന്നതിനായി മുക്തി ബാഹിനി എന്ന ബംഗ്ലാദേശി ഗറില്ല സേന രൂപം കൊണ്ടു വന്നു. ഇരു ചേരികളിലും പോരാട്ടം രൂക്ഷമായി. ഒടുവിൽ കിഴക്കൻ പാക്കിസ്ഥാൻ്റെ സ്വാതന്ത്ര്യത്തെ പിന്തുണച്ചു കൊണ്ട് ഇന്ത്യ രംഗത്തെത്തുന്നു. മുക്തി ബാഹിനി സേനയ്ക്ക് എല്ലാ തരത്തിലുമുള്ള സായുധ സഹായങ്ങളും ഇന്ത്യ നൽകുവാൻ ആരംഭിച്ചിരുന്നു. എന്നാൽ ഇന്ത്യയുടെ ഇടപെടലിൽ പ്രകോപിതരായ പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് നേരെ യുദ്ധം പ്രഖ്യാപിക്കുന്നു.
ഡിസംബർ 3 ന് അമൃത്സർ, പത്താൻകോട്ട്, ശ്രീനഗർ, അവന്തിപൂർ, ഉത്തർലായ് ഉൾപ്പെടെയുള്ള ഇന്ത്യൻ വ്യോമതാവളങ്ങൾക്ക് നേരെ അപ്രതീക്ഷിതമായി പാക്കിസ്ഥാൻ ആക്രമണം നടത്തി. ഇന്ത്യയുടെ വ്യോമ ശക്തിയെ തകർക്കുവാനായിരുന്നു ഈ നീക്കത്തിൻ്റെ പ്രധാന ലക്ഷ്യം. എന്നാൽ അടിക്ക് തിരിച്ചടി എന്നതുപോലെ ഇന്ത്യയുടെ നാവിക സേന പാക്കിസ്ഥാൻ്റെ തുറമുഖ നഗരമായ കറാച്ചി ലക്ഷ്യമിട്ടത് വളരെ പെട്ടന്നായിരുന്നു.
ഡിസംബർ 9 ന് പാക്കിസ്ഥാൻ്റെ അന്തർവാഹിനി ഹാങ്കറിൻ്റെ ആക്രമണത്തിൽ ഇന്ത്യൻ നാവിക സേനയുടെ ഐഎൻഎസ് കുക്കറി തകർക്കപ്പെട്ടു, യുദ്ധക്കപ്പലിലുണ്ടായിരുന്ന 18 ഉദ്യോഗസ്ഥരും 176 നാവികരും വീരമൃത്യു വരിച്ചു. എന്നാൽ പാക്കിസ്ഥാൻ്റെ ഈ ആക്രമണത്തിന് ഇന്ത്യ ശക്തമായ മറുപടി തന്നെയാണ് നൽകിയത്, പാക് സേനയുടെ മൂന്നിലൊന്നും തകർത്തു ഇന്ത്യൻ സേന. ഇന്ത്യൻ സൈന്യവും മുക്തി ബാഹിനിയോടൊപ്പം ചേർന്ന് മിത്രോ ബാഹിനി എന്ന സായുധ സഖ്യം രൂപീകരിച്ച് കിഴക്കൻ പാക്കിസ്ഥാനിലെ പാക് സൈന്യത്തെ ആക്രമിച്ചു. പതിമൂന്ന് ദിവസം നീണ്ടുനിന്ന യുദ്ധത്തിന് അവസാനമിട്ട് ഡിസംബർ 16 ന് പാക്കിസ്ഥാൻ കീഴടങ്ങി.
അന്ന് യുദ്ധത്തിൽ അമേരിക്കയും ചൈനയും പാക്കിസ്ഥാനെ പിന്തുണച്ചിരുന്നു. ഇറാൻ, ജോർദ്ധാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ പാക്കിസ്ഥാന് വേണ്ട സായുധ സഹായങ്ങൾ നൽകി. ലോക രാജ്യങ്ങളുടെ പിന്തുണ ഉണ്ടായിട്ട് കൂടിയും ഇന്ത്യയുടെ മുന്നിൽ മുട്ടുമടക്കേണ്ടി വന്നു പാക്കിസ്ഥാന്. ഇന്ത്യയുടെ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് ലെഫ്റ്റനന്റ് ജനറല്‍ ജഗ്ജിത് സിംഗ് അറോറയുടെ മുന്നിൽ 93000 പാക് സേനയും പാക്കിസ്ഥാന്‍ സൈന്യത്തിൻ്റെ മേജര്‍ ജനറല്‍ ആയിരുന്ന അമീര്‍ അബ്ദുല്ല ഖാന്‍ നിയാസിയും കീഴടങ്ങി. കീഴടങ്ങലിൻ്റെ ഭാഗമായി ധാക്കയിലെ രാംന റേസ് കോഴ്‌സില്‍ വെച്ച് 'ഇന്‍സ്ട്രുമെന്റ് ഓഫ് സറണ്ടറി' പാക്കിസ്ഥാൻ ഒപ്പുവച്ചു. പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയത്തിൻ്റെ ഓർമ്മപ്പെടുത്തലായി ഡിസംബർ 16 വിജയ ദിവസമായി ആചരിക്കുന്നു.
ലോകശക്തികൾക്ക് മുന്നിൽ ഇന്ത്യയുടെ വിജയമായിരുന്നു 1971ലെ ഇന്ത്യ – പാക് യുദ്ധം. അന്ന് ഇന്ത്യയുടെ വിജയം മാത്രമായിരുന്നില്ല മറിച്ച് ഇന്ത്യ കാരണം ലോക ഭൂപടത്തിൽ ഇടംപിടിച്ച ബംഗ്ലാദേശ് എന്ന ഒരു ചെറിയ രാജ്യത്തിൻ്റെ ഉദയം കൂടിയായിരുന്നു. ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തിലും യുദ്ധം ആഴത്തിലുള്ള സ്വാധീനം ചെലുത്തി. യുദ്ധസമയത്ത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വം ശക്തവും നിർണ്ണായകവുമായ നേതാവെന്ന നിലയിൽ ആഗോളതലത്തിൽ അവരുടെ സ്ഥാനം ഉറപ്പിച്ചു. പാക്കിസ്ഥാൻ്റെ ഭരണത്തിൽ നിന്നും സ്വതന്ത്രമായ ബംഗ്ലാദേശ് ഡിസംബർ 16 'ബിജോയ് ദിബോസ്' ആചരിക്കുന്നു.
ഇന്ന് വിജയ് ദിവസ്,ഇന്ത്യൻ സായുധ സേനയുടെ വിജയത്തിൻ്റെയും സ്മരണയുടെയും ദിനമായി ആഘോഷിക്കുന്നു. യുദ്ധത്തിൽ പൊരുതി വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരുടെ ത്യാഗത്തെ ആദരിക്കുന്ന ദിനം, ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കേണ്ടതിൻ്റെയും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൻ്റെയും ഓർമ്മപ്പെടുത്തലാണ് ഡിസംബർ 16