
ന്യൂഡൽഹി: രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളിൽ 98.12 ശതമാനവും തിരിച്ചെത്തിയതായി ആർബിഐ (Rs 2000 notes). അതേ സമയം 6,691 കോടി രൂപയുടെ നോട്ടുകൾ തിരിച്ചെത്തിയില്ലെന്നും ആർബിഐ വൃത്തങ്ങൾ വ്യക്തമാക്കുന്നു. 2023 മെയ് 19 ന്, 2000 രൂപ നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചു. അന്ന് പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളുടെ മൂല്യം 3.56 ലക്ഷം കോടി രൂപയായിരുന്നു. ഈ 2000 രൂപയുടെ നോട്ടുകൾ ഒക്‌ടോബർ 07 വരെ എല്ലാ ബാങ്ക് ശാഖകളിലും നിക്ഷേപിക്കാമെന്നായിരുന്നു പ്രഖ്യാപനം. ഡിസംബർ 31 വരെ, 2000 നോട്ടുകളുടെ 98.12 ശതമാനവും തിരിച്ചെത്തി. 6,691 കോടി രൂപയുടെ 2000 രൂപ നോട്ടുകൾ മാത്രമാണ് സർക്കാരിൽ ഇതുവരെ എത്തിച്ചേരാത്തത്- ആർബിഐ റിപ്പോർട്ടിൽ പറയുന്നു.