തെരുവ് നായ നക്കിയ ഉച്ചഭക്ഷണം കഴിച്ചു; 78 കുട്ടികൾക്ക് ആന്റി റാബീസ് വാക്സിനെടുത്തു | stray dog

നായ നക്കിയ ഭക്ഷണം വിളമ്പരുതെന്ന അധ്യാപകരുടെ മുന്നറിയിപ്പ് ലംഘിച്ചാണ് പാചക തൊഴിലാളികൾ ഭക്ഷണം കുട്ടികൾക്ക് നൽകിയത്
Vaccine
Published on

ബിലാസ്പുർ: തെരുവ് നായ നക്കിയ ഉച്ചഭക്ഷണം വിദ്യാർഥികൾക്ക് നൽകിയതിനെ തുടർന്ന് 78 കുട്ടികൾക്ക് ആന്റി റാബീസ് വാക്സിനെടുത്തു. ജൂലൈ 29ന് ഛത്തീസ്ഗഡിൽ ബലോദബസാർ ജില്ലയിൽ ലച്ചൻപൂരിലെ സർക്കാർ സ്‌കൂളിലായിരുന്നു സംഭവം.

ഉച്ച ഭക്ഷണത്തിന് ഉണ്ടാക്കിയ കറിയിൽ നായ നക്കിയ വിവരം വിദ്യാർഥികൾ അധ്യാപകരെ അറിയിച്ചു. തുടർന്ന് അധ്യാപകർ മുന്നറിയിപ്പ് നൽകിയിട്ടും ഇത് അവഗണിച്ച് പാചക തൊഴിലാളികൾ ഭക്ഷണം കുട്ടികൾക്ക് നൽകുകയായിരുന്നു. മുൻകരുതലെന്ന നിലയിലാണ് കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകിയത്. 84 വിദ്യാർഥികളാണ് ഈ ഭക്ഷണം കഴിച്ചത്. സംഭവം വിദ്യാർഥികൾ രക്ഷിതാക്കളെ അറിയിച്ചു.

മലിനമായ ഭക്ഷണം വിളമ്പരുതെന്ന നിർദ്ദേശം അവഗണിച്ച പാചക തൊഴിലാളികളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളും പ്രദേശവാസികളും സ്കൂളിലെത്തി പ്രതിഷേധിച്ചതോടെയാണ് സംഭവം പുറത്ത് അറിയുന്നത്.

"അണുബാധ സ്ഥിരീകരിച്ചതുകൊണ്ടല്ല, മുൻകരുതൽ നടപടിയായാണ് ആന്റി റാബിസ് വാക്സിൻ നൽകിയത്. ആദ്യ ഡോസിന് പാർശ്വഫലങ്ങളൊന്നുമില്ല. ഗ്രാമവാസികളുടെയും രക്ഷിതാക്കളുടെയും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളുടെയും ആവശ്യപ്രകാരമാണ് ഇത് ചെയ്തത്." - എന്ന് ലച്ചൻപൂർ ആരോഗ്യ കേന്ദ്രത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥ പറഞ്ഞു.

ശനിയാഴ്ച സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ദീപക് നികുഞ്ജും ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർ നരേഷ് വർമയും മറ്റ് ഉദ്യോഗസ്ഥരും സ്കൂൾ സന്ദർശിച്ച് അന്വേഷണം ആരംഭിച്ചു. കുട്ടികൾ, മാതാപിതാക്കൾ, അധ്യാപകർ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com