
ന്യൂഡൽഹി: ഛത്തീസ്ഗഡിലെ തണ്ടേവാഡയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് നക്‌സലൈറ്റുകളെ സുരക്ഷാ സേന വെടിവച്ചു കൊന്നു (Naxalite encounter Chhattisgarh). ഏറ്റുമുട്ടലിൽ ഒരു കോൺസ്റ്റബിൾ വീരമൃത്യു വരിച്ചു.
ഇന്നലെ വൈകുന്നേരം (ജനുവരി 4) ഛത്തീസ്ഗഡിലെ നാരായൺപൂർ-ദണ്ഡേവാഡ ജില്ലകളിലെ വനമേഖലയായ അബുജ്മർ വനത്തിൽ വിഹരിക്കുന്ന നക്സലൈറ്റുകൾക്കായി സുരക്ഷാ സേന തിരച്ചിൽ നടത്തുകയായിരുന്നു. പ്രത്യേക സുരക്ഷാ സേനയും ഫോറസ്റ്റ് ഗാർഡ് സംഘവും ചേർന്നായിരുന്നു തിരച്ചിൽ നടത്തിയത്. തുടർന്ന് വനത്തിൽ ഒളിച്ചിരുന്ന നക്സലുകളും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 4 നക്സലൈറ്റുകൾ കൊല്ലപ്പെടുകയായിരുന്നു.
ഈ ഏറ്റുമുട്ടലിൽ ഫോറസ്റ്റ് ഗാർഡിലെ ഹെഡ് കോൺസ്റ്റബിൾ സന്നു കരം കൊല്ലപ്പെട്ടു. നക്സൽ യൂണിഫോം ധരിച്ച നാല് നക്സലൈറ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. എകെ 47 തോക്കുകളും എസ്എൽആർ റൈഫിളുകളും ഉൾപ്പെടെയുള്ള ആയുധങ്ങളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു. പ്രദേശത്ത് തിരച്ചിൽതുടരുകയാണെന്ന് പോലീസ് പറഞ്ഞു.