മുംബൈ: പ്രശസ്ത ഇന്ത്യൻ റാപ്പറും ഗായകനുമായ ബാദ്ഷാ വിവാഹിതനായി (Badshah Isha Rikhi Wedding). പഞ്ചാബി നടി ഇഷ റിഖിയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ഇഷയുടെ മാതാവ് പൂനം റിഖി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിവാഹ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
പരമ്പരാഗത വിവാഹ വസ്ത്രങ്ങൾ ധരിച്ച ബാദ്ഷായും ഇഷയും പരസ്പരം മാല ചാർത്തുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. “ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ” എന്ന അടിക്കുറിപ്പോടെയാണ് പൂനം റിഖി ചിത്രങ്ങൾ പങ്കുവെച്ചത്. ഇഷയുടെ സഹോദരിയും ചിത്രങ്ങൾ പങ്കുവെച്ച് ദമ്പതികൾക്ക് ആശംസകൾ നേർന്നു. എന്നാൽ വിവാഹത്തെക്കുറിച്ച് ബാദ്ഷായോ ഇഷയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ബാദ്ഷായുടെ രണ്ടാം വിവാഹമാണിത്. ജാസ്മിൻ മസീഹ് ആയിരുന്നു ആദ്യഭാര്യ. 2020-ലാണ് ഇവർ നിയമപരമായി വേർപിരിഞ്ഞത്. ഇവർക്ക് ജെസ്മി ഗ്രേസ് മസീഹ് സിംഗ് എന്നൊരു മകളുണ്ട്. ദീർഘനാളത്തെ പ്രണയത്തിന് ശേഷമാണ് ബാദ്ഷായും ഇഷയും വിവാഹിതരായത്.

