
ബംഗളൂരു: ഇലക്ട്രോണിക്സ് ഭീമനായ വൺപ്ലസ് ഇന്ത്യ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡിന് 5,000 രൂപ പിഴ വിധിച്ച് ഉപഭോക്തൃ കോടതി (OnePlus). ബംഗളൂരു സ്വദേശിയുടെ പരാതിയിലാണ് നടപടി. കോടതി ചെലവുകൾക്കായി ആയിരം രൂപ നൽകണമെന്നും ഉപഭോക്തൃ കോടതി ഉത്തരവിൽ പറയുന്നു.കമ്പനിയുടെ പെരുമാറ്റം അശ്രദ്ധയും ഉദാസീനവുമാണെന്ന് ബെംഗളൂരുവിലെ ഒന്നാം അഡീഷണൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
സഞ്ജയ് നഗർ നിവാസിയായ എസ്എം രമേശിൻ്റെ പരാതിയിലാണ് കോടതിയുടെ ഇടപെടൽ. 2023 ഡിസംബർ 6 ന് 24,598 രൂപയ്ക്ക് OnePlus Nord CE 3 മൊബൈൽ ഫോൺ വാങ്ങിയ രമേശിന് ഉപയോക്തൃ മാനുവൽ മൊബൈൽ കമ്പനി നൽകിയിരുന്നില്ല.ഇതുമൂലം ഫോണിൻ്റെ സവിശേഷതകളും വാറൻ്റി വിശദാംശങ്ങളും കമ്പനിയുടെ വിലാസവും മറ്റ് വിവരങ്ങളും രമേശിന് ലഭിച്ചില്ല.
ഉപഭോക്താവ് ആവർത്തിച്ച് പരാതി നൽകിയിട്ടും വൺപ്ലസ് ഒരു തരത്തിലും പ്രതികരിച്ചിട്ടില്ല. വാങ്ങി നാല് മാസത്തിന് ശേഷം 2024 ഏപ്രിലിൽ മാനുവൽ എത്തി. തൃപ്തനാകാത്ത ഉപഭോക്താവ് ജൂൺ 3 ന് 'സേവനത്തിലെ പോരായ്മ' ആരോപിച്ച് നിയമപരമായ പരാതി നൽകി.
എന്നാൽ , വൺപ്ലസ് ഹിയറിംഗിൽ പങ്കെടുക്കുന്നതിൽ പരാജയപ്പെട്ടു. ഒരു ഉപയോക്തൃ മാനുവൽ ഇല്ലാതെ, ഉപഭോക്താക്കൾക്ക് വളരെയധികം മാനസിക വേദനയും അസൗകര്യങ്ങളും നേരിടേണ്ടിവരുന്നു. ആവശ്യമായ രേഖകൾ നൽകാനുള്ള കമ്പനിയുടെ ചുമതല വൺപ്ലസ് ബൈറവേറ്റിയില്ലെന്നും കോടതി വിധിയിൽ പറയുന്നു.