
ന്യൂഡൽഹി: മഹാരാഷ്ട്രയിലും ജാർഖണ്ഡിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് ഇരു പാർട്ടികളും പരസ്‌പരം പരാതിപ്പെട്ട സാഹചര്യത്തിൽ ബിജെപി അധ്യക്ഷൻ ജെ.പി. നദ്ദയോടും കോൺഗ്രസ്സ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെയോടും തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടി (Maharashtra Elections). മഹാരാഷ്ട്രയിലും ജാർഖണ്ഡിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിരുന്നു.
മറാത്തി ഭാഷയിലുള്ള ടിവി സീരിയലുകളിൽ, മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വത്തിലുള്ള മഹായുദി പ്രചരണം പ്രോത്സാഹിപ്പിക്കുന്നതിനായി സീരിയലിലെ ഒരു പ്രത്യേക രംഗത്തിന് ശേഷം ശിവസേനയുടെ പ്രചാരണ മുദ്രാവാക്യം അടങ്ങുന്ന പരസ്യം ഒരു മറാത്തി ടിവി ചാനൽ ഇന്നലെ മുതൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഇതു സംബന്ധിച്ചും പരാതിയിൽ പറയുന്നുണ്ട്.
അതേസമയം , മഹാരാഷ്ട്രയിലെയും ജാർഖണ്ഡിലെയും തിരഞ്ഞെടുപ്പ് അന്തരീക്ഷം അസ്ഥിരപ്പെടുത്താൻ ചില മുസ്ലീം സംഘടനകൾ ശ്രമിക്കുന്നതായി ബിജെപി ആരോപിച്ചു. ബി.ജെ.പിക്കെതിരെ കോൺഗ്രസ് നൽകിയ പരാതിയിൽ വിശദീകരണം നൽകാൻ ബി.ജെ.പി നേതാവ് ജെ.പി. നദ്ദക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ കത്തയച്ചിട്ടുണ്ട്.
കോൺഗ്രസ് സ്റ്റാർ സ്പീക്കർമാർ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന ആരോപണത്തിൽ വിശദീകരണം തേടി ഖാർഗെക്കും കമ്മീഷൻ കത്തയച്ചു. 2024 നവംബർ 18 തിങ്കളാഴ്ച ഉച്ചയ്ക്ക് 1 മണിക്കകം നിയമലംഘനങ്ങൾക്ക് വിശദീകരണം നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇരു പാർട്ടികളുടെയും നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.