പത്തനംതിട്ട: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട നഗരസഭയിൽ യുഡിഎഫ് അധികാരം ഉറപ്പിച്ചു. യുഡിഎഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ജില്ലയിലെ ശ്രദ്ധേയമായ ചില വാർഡുകളിലെ ഫലങ്ങൾ പുറത്തുവരുമ്പോൾ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തരിൽ ഒരാൾക്ക് വിജയവും മറ്റൊരാൾക്ക് പരാജയവുമാണ് നേരിട്ടത്.(Rahul Mamkootathil's loyalist wins in Pathanamthitta)
പത്തനംതിട്ടയിലെ ഏറത്ത് പഞ്ചായത്ത് ആറാം വാർഡായ കിളിവയലിൽ യുഡിഎഫ് സ്ഥാനാർത്ഥി റിനോ പി. രാജൻ വിജയിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തനായ റിനോ 240 വോട്ടുകൾ നേടിയാണ് വിജയം ഉറപ്പിച്ചത്.
അതേസമയം, പത്തനംതിട്ട നഗരസഭയിലെ പതിനാറാം വാർഡിൽ കോൺഗ്രസ് വിമതനായി മത്സരിച്ച ബിബിൻ ബേബി 248 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. നിലവിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ജാസിം കുട്ടിയെയാണ് ബിബിൻ പരാജയപ്പെടുത്തിയത്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ മറ്റൊരു വിശ്വസ്തനായ അടൂർ നഗരസഭയിലെ എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി ഫെനി നൈനാൻ പരാജയപ്പെട്ട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഈ വാർഡ് ബിജെപി നിലനിർത്തി.