തിരുവനന്തപുരം: കേരളത്തിൽ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ച് കോൺഗ്രസ്. നവംബർ ഒന്നു മുതൽ സംസ്ഥാനത്ത് ഔദ്യോഗികമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കെപിസിസി (KPCC) തുടക്കം കുറിക്കും. തിരഞ്ഞെടുപ്പിൽ പൂർണ ഐക്യത്തോടെ ഒറ്റക്കെട്ടായി മുന്നോട്ട് പോകാൻ കേരളത്തിലെ നേതാക്കൾക്ക് ഹൈക്കമാൻഡ് നിർദ്ദേശം നൽകി.( Local body elections, KPCC to start campaign on November 1)
ഡൽഹിയിൽ ചേർന്ന യോഗത്തിൽ തിരഞ്ഞെടുപ്പിനായുള്ള കെപിസിസി-യുടെ തയ്യാറെടുപ്പുകളും തന്ത്രങ്ങളും എഐസിസി (AICC) നേതൃത്വം വിലയിരുത്തി. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരാണ് ഹൈക്കമാൻഡിന് മുന്നിൽ പ്രചാരണ പദ്ധതികൾ അവതരിപ്പിച്ചത്.
പ്രചാരണ പദ്ധതികളിൽ ഹൈക്കമാൻഡ് തൃപ്തി പ്രകടിപ്പിച്ചെന്നും ചെറിയ ചില മാറ്റങ്ങൾ നിർദ്ദേശിച്ചെന്നുമാണ് വിവരം. നവംബർ ഒന്നു മുതൽ പ്രാദേശികതലത്തിൽ ശക്തമായ പ്രചാരണത്തിന് കോൺഗ്രസ് നേതൃത്വം നൽകും. ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിൽ പോരാടണമെന്ന് എഐസിസി നേതൃത്വം കേരള നേതാക്കളോട് ആവശ്യപ്പെട്ടു.
അതേസമയം., പാർട്ടിയിലെ അനൈക്യം സംബന്ധിച്ച തന്റെ അതൃപ്തി കോൺഗ്രസ് ഹൈക്കമാൻഡിനെ നേരിട്ട് അറിയിച്ചതായി മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. അനൈക്യം സൃഷ്ടിക്കുന്നത് നേതാക്കന്മാരാണെന്നും ഇത് അവസാനിപ്പിച്ചില്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വിജയിച്ചു വരാനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
"അതൃപ്തി നേരെ മുഖം നോക്കി പറഞ്ഞു. നേതാക്കന്മാരാണ് ഈ പാർട്ടിയിൽ അനൈക്യം ഉണ്ടാക്കുന്നവർ. അനൈക്യം ഉണ്ടാക്കുന്നത് നിർത്തിയാൽ അടുത്ത തിരഞ്ഞെടുപ്പിൽ വിജയിച്ചു വരാം. ഇല്ലേൽ വള്ളത്തിലാകും," സുധാകരൻ പറഞ്ഞു. അനുകൂലമായ നടപടി ഹൈക്കമാൻഡിൽ നിന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഇല്ലെന്ന് സുധാകരൻ വ്യക്തമാക്കി. "ഒരു പാർട്ടിയാകുമ്പോൾ ഒരു വിഷയത്തിൽ രണ്ട് അഭിപ്രായം ഉണ്ടാകും. അത് തർക്കമല്ല. ആശയവിനിമയങ്ങൾ നടക്കുന്നു. എല്ലാവരും പരസ്പരം ബന്ധപ്പെടുന്നുണ്ട്," എന്നും സുധാകരൻ കൂട്ടിച്ചേർത്തു.
കേരളത്തിൽ നവംബർ ഒന്നു മുതൽ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാൻ കെപിസിസി തീരുമാനിച്ചു. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ എഐസിസി നേതൃത്വം വിലയിരുത്തി. പ്രചാരണ പദ്ധതികളെക്കുറിച്ച് കെപിസിസി പ്രസിഡൻ്റും പ്രതിപക്ഷ നേതാവും വിശദീകരിച്ചു.
തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാൻ കോൺഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശം നൽകി. മുന്നൊരുക്കങ്ങളിൽ എഐസിസി നേതൃത്വം സംതൃപ്തി അറിയിക്കുകയും ചില മാറ്റങ്ങൾ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.