തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണയം സുതാര്യമാക്കാൻ KPCC മാർഗ നിർദേശങ്ങൾ; വിജയ സാധ്യത മുഖ്യ മാനദണ്ഡം | KPCC

തീരുമാനങ്ങൾ ഡിസിസിക്കു വിടുന്നത് കഴിയുന്നത്ര ഒഴിവാക്കണം.
Local body elections, KPCC guidelines to make candidate selection transparent
Published on

തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥി നിർണയം സുതാര്യവും തർക്കരഹിതവുമാക്കാൻ കർശന മാർഗനിർദേശങ്ങളുമായി കെപിസിസി. സീറ്റ് വിഭജന ചർച്ചകൾ അടിയന്തരമായി പൂർത്തിയാക്കാൻ ജില്ലാ യുഡിഎഫ് കമ്മിറ്റികളുമായി പാർട്ടി ജില്ലാ നേതൃത്വം കൂടിയാലോചന നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നിർദേശിച്ചു.(Local body elections, KPCC guidelines to make candidate selection transparent)

മിഷൻ 2025 പ്രകാരം രൂപീകരിച്ച കോർ കമ്മിറ്റികൾക്കായിരിക്കും തിരഞ്ഞെടുപ്പ് ചുമതല. സ്ഥാനാർഥി നിർണയത്തിൽ പരിഗണിക്കുന്ന മുഖ്യ മാനദണ്ഡങ്ങൾ വിജയസാധ്യതയും പൊതുസ്വീകാര്യതയും, പാർട്ടിയോടുള്ള കൂറിനും സ്വഭാവശുദ്ധിക്കും പ്രാധാന്യം നൽകുക, വനിതാ സ്ഥാനാർഥികളെ നിശ്ചയിക്കുമ്പോൾ മഹിളാ കോൺഗ്രസിലും പാർട്ടിയിലും സജീവമായി പ്രവർത്തിക്കുന്നവർക്ക് മുൻഗണന നൽകുക എന്നിവയുൾപ്പെടെയാണ്.

പാർട്ടിയുടെ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുമെന്നും പാർട്ടി നിശ്ചയിക്കുന്ന ലെവി കൃത്യമായി നൽകുമെന്നും ഉറപ്പുനൽകുന്ന സാക്ഷ്യപത്രം (Undertaking) സ്ഥാനാർഥികൾ ഒപ്പിട്ടു നൽകണം. ഘടകകക്ഷികളുമായുള്ള തർക്കങ്ങൾ മേൽഘടകങ്ങൾ ഇടപെട്ട് പരിഹരിക്കണം.

ഗ്രാമപ്പഞ്ചായത്ത്, മുനിസിപ്പൽ, കോർപറേഷൻ സ്ഥാനാർഥികളെ അതത് വാർഡ് കമ്മിറ്റികൾ നിശ്ചയിക്കും. ഇതിനായി പ്രധാന നേതാക്കളും സജീവ പ്രവർത്തകരുമടങ്ങുന്ന വാർഡ് യോഗം വിളിക്കണം. സ്ഥാനാർഥിയെ കണ്ടെത്താൻ യോഗത്തിൽ വോട്ടെടുപ്പ് നടത്തരുത്. തീരുമാനങ്ങൾ ഡിസിസിക്കു വിടുന്നത് കഴിയുന്നത്ര ഒഴിവാക്കണം.

ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളെ നിയോജകമണ്ഡലം കോർ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ജില്ലാ കോർ കമ്മിറ്റി ആയിരിക്കും നിശ്ചയിക്കുക. ഈ തീരുമാനങ്ങളെടുക്കുമ്പോൾ പ്രദേശത്തെ എംഎൽഎ, എംപി എന്നിവരുടെ അഭിപ്രായങ്ങളും തേടണം.

Related Stories

No stories found.
Times Kerala
timeskerala.com