

പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിലെ കവിയൂർ പഞ്ചായത്തിൽ യു.ഡി.എഫിന് കനത്ത തിരിച്ചടി. കവിയൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ നാമനിർദ്ദേശ പത്രികയിൽ ഗുരുതരമായ തെറ്റുകൾ വരുത്തിയതിനെ തുടർന്ന് യു.ഡി.എഫ്. സ്ഥാനാർത്ഥിക്ക് മത്സരിക്കാൻ കഴിഞ്ഞില്ല. ഇതോടെ ഈ വാർഡിൽ യു.ഡി.എഫിന് സ്ഥാനാർത്ഥി ഇല്ലാത്ത അവസ്ഥയായി.(Error in nomination paper, UDF candidate could not contest)
സ്ഥാനാർത്ഥിക്ക് വേണ്ടി നേതാക്കൾ പൂരിപ്പിച്ച് നൽകിയ നാമനിർദ്ദേശ പത്രികയിലാണ് തെറ്റായ വിവരങ്ങൾ ഉൾപ്പെട്ടത്. പത്രിക തള്ളിയതോടെ, പോസ്റ്റർ അടിച്ച് പ്രചാരണം ആരംഭിച്ച സ്ഥാനാർത്ഥിക്ക് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറേണ്ടി വന്നു.
ഈ സംഭവം ബിജെപിയെ സഹായിക്കാൻ യു.ഡി.എഫിലെ ഒരു വിഭാഗം നേതാക്കൾ സ്വന്തം സ്ഥാനാർത്ഥിയുടെ കാൽവാരുകയായിരുന്നു എന്ന ആരോപണത്തിന് വഴിവെച്ചിട്ടുണ്ട്. യു.ഡി.എഫ്. സ്ഥാനാർത്ഥി ഇല്ലാതാവുക വഴി തിരഞ്ഞെടുപ്പ് എളുപ്പമായത് ബിജെപി സ്ഥാനാർത്ഥിക്കാണ്. ബിജെപി മണ്ഡലം പ്രസിഡന്റും എൻ.എസ്.എസ്. കരയോഗം പ്രസിഡന്റുമായ രാജേഷ് കുമാർ ആണ് ഈ വാർഡിലെ എതിർ സ്ഥാനാർത്ഥി.
സംഘടനാ തലത്തിലെ ഈ പിഴവ് യു.ഡി.എഫിന് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. പത്രിക പൂരിപ്പിക്കുന്നതിലെ ശ്രദ്ധക്കുറവാണോ പിന്നിൽ രാഷ്ട്രീയ നീക്കങ്ങളുണ്ടോ എന്നതിനെക്കുറിച്ച് മുന്നണി വിശദമായ അന്വേഷണം നടത്താൻ സാധ്യതയുണ്ട്.