മിനിമലിസം എന്നത് വെറുമൊരു ഫാഷൻ ട്രെൻഡ് മാത്രമല്ല, അതൊരു ജീവിതശൈലിയായി മാറിക്കഴിഞ്ഞു. അനാവശ്യമായ ആഡംബരങ്ങളും കടുംനിറങ്ങളും ഒഴിവാക്കി, ഗുണനിലവാരമുള്ളതും ലളിതവുമായ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെ വാർഡ്രോബിലെ ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാം. മിനിമലിസ്റ്റ് ഫാഷനിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്കായി ചില പ്രായോഗിക നിർദ്ദേശങ്ങൾ ഇതാ. (Minimalist Fashion Style)
എന്താണ് മിനിമലിസ്റ്റ് സ്റ്റൈൽ?
മിനിമലിസം എന്നാൽ വസ്ത്രങ്ങളുടെ എണ്ണം കുറയ്ക്കുക മാത്രമല്ല, മറിച്ച് അർത്ഥവത്തായവ തിരഞ്ഞെടുക്കുക എന്നതാണ്. കറുപ്പ്, വെള്ള, ബീജ്, ചാരനിറം, ഒലിവ് ഗ്രീൻ തുടങ്ങിയ നിഷ്പക്ഷ നിറങ്ങൾക്കാണ് ഇതിൽ പ്രാധാന്യം. ലളിതമായ ഡിസൈനുകൾ, മികച്ച തുന്നൽ, സുഖപ്രദമായ തുണിത്തരങ്ങൾ എന്നിവ മിനിമലിസ്റ്റ് സൗന്ദര്യത്തിന്റെ അടയാളങ്ങളാണ്.
വാർഡ്രോബ് പുനക്രമീകരിക്കാനുള്ള വഴികൾ
- അനാവശ്യമായവ ഒഴിവാക്കുക: കഴിഞ്ഞ ഒരു വർഷമായി നിങ്ങൾ ഉപയോഗിക്കാത്ത വസ്ത്രങ്ങൾ വാർഡ്രോബിൽ നിന്ന് നീക്കം ചെയ്യുക. ട്രെൻഡിന് പിന്നാലെ പോയി വാങ്ങിയവയും ആത്മവിശ്വാസം നൽകാത്തതുമായ വസ്ത്രങ്ങൾ ഒഴിവാക്കുന്നതാണ് മിനിമലിസത്തിന്റെ ആദ്യ പടി.
- ഗുണനിലവാരത്തിന് മുൻഗണന: വസ്ത്രങ്ങൾ കുറച്ചുമാത്രം വാങ്ങുക, എന്നാൽ അവ മികച്ച നിലവാരമുള്ളതാണെന്ന് ഉറപ്പുവരുത്തുക. കമ്പിളി (Wool), കാഷ്മീർ, കോട്ടൺ, ലെതർ തുടങ്ങിയ സ്വാഭാവിക തുണിത്തരങ്ങൾ ദീർഘകാലം നിലനിൽക്കുകയും മികച്ച ലുക്ക് നൽകുകയും ചെയ്യും.
- അടിസ്ഥാന വസ്ത്രങ്ങൾ (Basics): ഒരു വെള്ള ഷർട്ട്, കറുത്ത പാന്റ്സ്, ലളിതമായ ഡിസൈനുള്ള ബാഗ്, ബൂട്ടുകൾ എന്നിവ നിങ്ങളുടെ വാർഡ്രോബിലെ ഗെയിം ചെയിഞ്ചാർ ആയിരിക്കും.
- മിക്സ് ആൻഡ് മാച്ച്: ഏതൊരു പുതിയ വസ്ത്രം വാങ്ങുമ്പോഴും അത് നിങ്ങളുടെ കൈവശമുള്ള മറ്റ് അഞ്ച് വസ്ത്രങ്ങളോടൊപ്പം ചേരുമോ എന്ന് ചിന്തിക്കുക. കുറഞ്ഞത് 12-18 അടിസ്ഥാന വസ്ത്രങ്ങൾ ഉണ്ടെങ്കിൽ ആഴ്ചകളോളം വ്യത്യസ്തമായ രീതിയിൽ സ്റ്റൈൽ ചെയ്യാൻ സാധിക്കും.
ലെയറിംഗിന്റെ പ്രാധാന്യം
മിനിമലിസ്റ്റ് ലുക്കിൽ ലെയറിംഗ് വലിയ മാറ്റങ്ങൾ കൊണ്ടുവരും. ഒരു ടർട്ടിൽ നെക്കിന് മുകളിൽ ബ്ലേസർ ധരിക്കുകയോ, നീളൻ കോട്ടിനുള്ളിൽ ലളിതമായ നിറ്റ് സെറ്റുകൾ ഉപയോഗിക്കുകയോ ചെയ്യുന്നത് സ്റ്റൈലിഷ് ലുക്ക് നൽകും. ആഡംബരങ്ങളേക്കാൾ വസ്ത്രത്തിന്റെ ആകൃതിക്കും സൗകര്യത്തിനുമാണ് ഇവിടെ മുൻഗണന നൽകേണ്ടത്.

