

കോഴിക്കോട്/കൊല്ലം: കൊല്ലം സായി സെന്ററിലെ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിനികൾ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് മരണപ്പെട്ട സാന്ദ്രയുടെ മാതാപിതാക്കൾ ആരോപിച്ചു. സായി ഇൻചാർജിന്റെ ഭീഷണിയും ഹോസ്റ്റലിലെ വീർപ്പുമുട്ടിക്കുന്ന സാഹചര്യവുമാണ് മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ പരാതി.
മരിക്കുന്നതിന്റെ തലേദിവസം സാന്ദ്ര വീട്ടിലേക്ക് വിളിച്ചിരുന്നു. ഹോസ്റ്റലിലെ ജീവിതം ജയിലിൽ കഴിയുന്നതിന് തുല്യമാണെന്നും അവിടെ തുടരാൻ സാധിക്കാത്ത സാഹചര്യമാണെന്നും സാന്ദ്ര പറഞ്ഞിരുന്നതായി അമ്മ സിന്ധു ആരോപിക്കുന്നു. മുൻപുണ്ടായിരുന്ന വാർഡനുമായി സാന്ദ്രയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. എന്നാൽ പുതിയ ഇൻചാർജ് രാജീവ് ആ വാർഡനെ വിളിക്കുന്നത് വിലക്കുകയും, വിളിച്ചാൽ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി കുടുംബം പറയുന്നു.മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
സംഭവം അന്വേഷിക്കാൻ കൊല്ലം എ.സി.പി എസ്. ഷെരീഫിന്റെ മേൽനോട്ടത്തിൽ ആറംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ പുഷ്പ കുമാറാണ് സംഘത്തെ നയിക്കുന്നത്.
സാന്ദ്രയുടെയും വൈഷ്ണവിയുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു.രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സായി അധികൃതരുടെ മൊഴി പോലീസ് ഉടൻ രേഖപ്പെടുത്തും.
സാന്ദ്രയുടെ മൃതദേഹം വെള്ളിയാഴ്ച രാത്രി പത്തരയോടെ കടലുണ്ടിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. വൈഷ്ണവിയുടെ സംസ്കാരം കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്നിരുന്നു. കേരളത്തിലെ സ്പോർട്സ് പരിശീലന കേന്ദ്രങ്ങളിലെ സുരക്ഷയെയും മാനസിക സമ്മർദ്ദങ്ങളെയും കുറിച്ചുള്ള വലിയ ചർച്ചകൾക്ക് ഈ മരണം വഴിവെച്ചിരിക്കുകയാണ്.