സംഘപരിവാർ ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ ; തടവിലാക്കിയ കന്യാസ്ത്രീകളെ മോചിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് |vd satheeshan

സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്
vd satheeshan
Published on

തിരുവനന്തപുരം : ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംഘപരിവാർ ആട്ടിൻ തോലിട്ട ചെന്നായ്ക്കളാണ്.ഛത്തീസ്‌ഗഡിൽ തടവിലാക്കിയ കന്യാസ്ത്രീകളെ ഉടന്‍ മോചിപ്പിക്കണമെന്നും സതീശന്‍ ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.

മനുഷ്യക്കടത്ത് ആരോപിച്ചാണ് അസീസി സിസ്റ്റേഴ്സ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെ കഴിഞ്ഞ ദിവസം ദർഗിൽ വെച്ച് ഛത്തീസ്‌ഗഡ് പൊലീസ് അറസ്റ്റ് ചെയ്തത്. ബജ്‌രംഗ്ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്‌തത്‌. അറസ്റ്റിലായ കന്യാസ്ത്രീകൾ കണ്ണൂർ, അങ്കമാലി സ്വദേശികളാണ്.

വിഡി സതീശന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം....

ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളാണ് സംഘ്പരിവാർ.അവർ കേരളത്തിൽ പള്ളിമേടകളിലും ക്രൈസ്തവ ഭവനങ്ങളിലും കേക്കുമായെത്തും.അതേസമയം മറ്റിടങ്ങളിൽ ക്രൈസ്തവരുടെ എല്ലാ ആഘോഷങ്ങളും തടസപ്പെടുത്തും. ക്രൂരമായി ആക്രമിക്കും. അതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് ചത്തീസ്ഗഡിൽ കണ്ടത്.

ബിജെപി ഭരിക്കുന്ന ചത്തിസ്ഗഡിൽ മലയാളികളായ രണ്ട് കന്യാസ്ത്രീകളാണ് ക്രൂരമായ പൊലീസ് വേട്ടയാടലിന് ഇരയായത്. കന്യാസ്ത്രീകൾക്കെതിരെ ആൾക്കൂട്ട വിചാരണ നടന്നു. പിന്നീട് കള്ളക്കേസെടുത്തു. ഭീഷണി കണക്കിലെടുത്ത് ഒരു മുൻകരുതലെന്ന നിലയിൽ പൊതുവിടങ്ങളിൽ സഭാ വസ്ത്രം ഉപേക്ഷിച്ച് സാധാരണ വേഷം ധരിക്കാൻ മുതിർന്ന വൈദികർ കന്യാസ്ത്രീകൾക്ക് അനൗദ്യോഗിക നിർദേശം നൽകിയെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. എത്രത്തോളം ഭീതിജനകമായ അന്തരീക്ഷമാണിത്?

മതത്തിൻ്റേയോ ജാതിയുടേയോ പേരിലുള്ള വേട്ട അംഗീകരിക്കാനാകില്ല. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘ്പരിവാറിന് കുഴലൂതുകയല്ല ചത്തിസ്ഗഡ് സർക്കാരിൻ്റെയും കേന്ദ്ര സർക്കാരിൻ്റേയും ജോലി. ഭരണഘടന നൽകുന്ന അവകശങ്ങൾ എല്ലാവർക്കുമുള്ളതാണ്. അത് ബിജെപിയുടെയോ ആർഎസ്എസിൻ്റെയോ ഔദാര്യമല്ല. ചത്തീസ്ഗഡിൽ കളളക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണം.

Related Stories

No stories found.
Times Kerala
timeskerala.com