

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ബൈക്ക് ഓവുചാലിലേക്ക് മറിഞ്ഞ് അപകടം; രണ്ട് യുവാക്കൾ മരിച്ചു. വെഞ്ഞാറമൂട് - ആറ്റിങ്ങൽ റോഡിൽ ചെമ്പൂരിന് സമീപമാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ഓവുചാലിന്റെ സ്ലാബിന് അടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അമൽ (21), അഖിൽ (19) എന്നീ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. ബൈക്ക് സ്ലാബിനടിയിലേക്ക് ശക്തമായി ഇടിച്ചുകയറിയതിനാൽ രണ്ടുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ശബ്ദം കേട്ടെത്തിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ പോലീസും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും യുവാക്കളുടെ ജീവൻ രക്ഷിക്കാനായില്ല.മൃതദേഹങ്ങൾ നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. വെഞ്ഞാറമൂട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.