

കൊല്ലം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നുണ്ടെങ്കിൽ അത് ചവറയിൽ മാത്രമായിരിക്കുമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. കൊല്ലം, ചവറ സീറ്റുകൾ വെച്ചുമാറുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ പിതാവ് ബേബി ജോണിന്റെ കാലം മുതൽ ചവറയുമായുള്ളത് വൈകാരികമായ ബന്ധമാണ്. അതിനാൽ മണ്ഡലം വിട്ടുള്ള ഒരു മത്സരത്തിനില്ല.ആറ്റിങ്ങലും മട്ടന്നൂരും ആർ.എസ്.പിക്ക് ആവശ്യമില്ല. ജില്ലയ്ക്ക് പുറത്തുള്ള ഈ രണ്ട് സീറ്റുകൾക്ക് പകരം വിജയസാധ്യതയുള്ള മറ്റ് രണ്ട് മണ്ഡലങ്ങൾ നൽകണമെന്ന് യു.ഡി.എഫിനോട് ആവശ്യപ്പെടും.യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ഇത് ജീവൻമരണ പോരാട്ടമാണ്. ഇത്തവണ അത്ഭുതപ്പെടുത്തുന്ന വിജയം മുന്നണിക്ക് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2016-ലും 2021-ലും നേരിട്ട പരാജയങ്ങൾക്ക് പിന്നാലെ ഷിബു ബേബി ജോൺ സുരക്ഷിതമായ മറ്റൊരു മണ്ഡലത്തിലേക്ക് മാറണമെന്ന ചർച്ച ആർ.എസ്.പിയിലും കോൺഗ്രസിലും ഉയർന്നിരുന്നു. എന്നാൽ തന്റെ രാഷ്ട്രീയ തട്ടകമായ ചവറ ഉപേക്ഷിക്കില്ലെന്ന ഉറച്ച നിലപാടിലാണ് അദ്ദേഹം.