

കോഴഞ്ചേരി: തെള്ളിയൂർ മുറ്റത്തിലേത്ത് അനിലിന്റെ മകൻ ആരോമലിനെ (17) ആണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തടിയൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു ആരോമൽ. ചൊവ്വാഴ്ച സ്കൂൾ വാർഷികാഘോഷങ്ങൾ നടക്കുകയായിരുന്നു. ഇതിനിടെ ആരോമലിന്റെ ബാഗിൽ നിന്ന് അധ്യാപകർ മദ്യക്കുപ്പി കണ്ടെടുത്തു. തുടർന്ന് സ്കൂൾ അധികൃതർ ആരോമലിന്റെ അച്ഛനെ സ്കൂളിലേക്ക് വിളിച്ചുവരുത്തി വിവരം അറിയിച്ചു.
അച്ഛനോടൊപ്പം ഉച്ചയോടെ വീട്ടിലെത്തിയ ആരോമൽ കിടപ്പുമുറിയിൽ കയറി വാതിലടയ്ക്കുകയായിരുന്നു. പിന്നീട് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോയിപ്രം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ആരോമലിന്റെ മുറിയിൽ നിന്ന് ഒരു ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. ഇത് വിശദമായി പരിശോധിച്ചുവരികയാണ്.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആരോമലിന്റെ അമ്മ ഗീതാകുമാരിയാണ്. സംഭവത്തിൽ സ്കൂൾ അധികൃതരുടെയോ മറ്റോ ഭാഗത്തുനിന്ന് എന്തെങ്കിലും സമ്മർദ്ദം ഉണ്ടായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക പ്രയാസങ്ങൾ നേരിടുന്നവർ സഹായത്തിനായി 'ദിശ' ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടുക. (Toll free: 1056, 0471-2552056).