പൊതുവിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുകയാണ് സർക്കാർ ലക്ഷ്യം: മന്ത്രി വി. ശിവൻകുട്ടി

പൊതുവിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുകയാണ് സർക്കാർ ലക്ഷ്യം: മന്ത്രി വി. ശിവൻകുട്ടി
Published on

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾ രാജ്യത്തിനാകെ മാതൃകയാണെന്നും പൊതുവിദ്യാഭ്യാസ രംഗത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യമാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തിട്ടുള്ളതെന്നും പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. വിഷൻ 2031ന്റെ ഭാഗമായി സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 'വൈജ്ഞാനിക സമ്പദ് വ്യവസ്ഥയിൽ ആജീവനാന്ത വിദ്യാഭ്യാസത്തിന്റെ പങ്ക്' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

45,000 ക്ലാസ് മുറികൾ ഹൈടെക്ക് ആയി മാറി. ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള 597 പുതുക്കിയ പാഠപുസ്തകങ്ങൾ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കായി ലഭ്യമാക്കി. സംസ്ഥാന രൂപീകരണത്തിന് ശേഷം ആദ്യമായി ഒൻപതാം ക്ലാസ്സിലെ പരീക്ഷകൾ അവസാനിക്കുന്നതിന് മുൻപായി പത്താം ക്ലാസിലെ പുതുക്കിയ പാഠപുസ്തകങ്ങൾ വിതരണം ചെയ്തു. ദേശീയതലത്തിൽ കേന്ദ്ര സർക്കാർ സംഘടിപ്പിച്ച വിദ്യാഭ്യാസ സർവേയിൽ കേരളം ഒന്നാമതായി. നേടിയ എല്ലാ നേട്ടങ്ങളും സംരക്ഷിക്കുന്നതിനൊപ്പം തന്നെ മാറുന്ന ലോകക്രമത്തിന് അനുസരിച്ചുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് നൽകുവാൻ കേരളം പ്രതിജ്ഞാബദ്ധമാണ്. ഔപചാരിക വിദ്യാഭ്യാസ മേഖലയ്ക്കോപ്പം അനൗപചാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ശാക്തീകരിക്കുന്നതിനും സംസ്ഥാന സർക്കാർ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

സാക്ഷരതാ പ്രവർത്തനം, തുടർവിദ്യാഭ്യാസ പരിശീലനം എന്നിവ ഏറ്റെടുത്ത് സംസ്ഥാനത്തു പ്രവർത്തിക്കുന്ന അനൗപചാരിക വിദ്യാഭ്യാസ സ്ഥാപനമാണ് സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ (എസ്.ആർ.സി). എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് മുഖേന ഒട്ടേറെ സർട്ടിഫിക്കറ്റ് കോഴ്‌സുകളും ഡിപ്ലോമ കോഴ്‌സുകളും നടപ്പിലാക്കി വരുന്നുണ്ട്. മുപ്പതിനായിരത്തിലധികം പഠിതാക്കളാണ് കഴിഞ്ഞ കാലയളവിൽ ഇതിലൂടെ പഠനം പൂർത്തീകരിച്ചിട്ടുള്ളത്. ഭാവിയിൽ ഇത് കൂടുതൽ വിപുലീകരിക്കേണ്ടതായിട്ടുണ്ട്.

ജനങ്ങൾ ആഗ്രഹിക്കുന്ന വിദ്യാഭ്യാസം പ്രായഭേദമന്യേ ലഭിക്കുന്നതിനുള്ള സാഹചര്യം ഒരുക്കേണ്ടതായിട്ടുണ്ട്. വ്യത്യസ്ത തൊഴിലുകളിൽ ഏർപെട്ടുകൊണ്ട് തന്നെ പഠനം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള അവസരം ലഭ്യമാക്കേണ്ടതുണ്ട്. ഇതിനു കഴിയും വിധം എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജിന്റെ പ്രവർത്തനം നവീകരിക്കണം. അത്യാധുനിക സൗകര്യങ്ങളുള്ള സംവിധാനമൊരുക്കി ഓൺലൈൻ/ഓഫ്‌ലൈൻ ക്ലാസുകൾ പഠിതാക്കൾക്കായി ഒരുക്കാൻ കഴിയണമെന്ന് മന്ത്രി പറഞ്ഞു.

നൂതനവും ആകർഷകവുമായ കോഴ്‌സുകൾ ആവിഷ്‌ക്കരിച്ചു കൂടുതൽ പഠിതാക്കൾക്ക് അവസരം ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾക്കായിരിക്കണം എസ്.ആർ.സി. മുൻകൈ എടുക്കേണ്ടത്. പുതിയ കോഴ്‌സുകൾക്ക് ഇപ്പോൾ എസ്.ആർ.സി തുടക്കം കുറിക്കുന്നു എന്നതും സന്തോഷകരമാണെന്ന് മന്ത്രി പറഞ്ഞു. വൈവിധ്യമാർന്ന പുതിയ കോഴ്‌സുകൾ ഭാവിയിൽ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ എസ്.ആർ.സി. ഏറ്റെടുക്കണം.

ജ്ഞാനസമൂഹത്തിലൂടെ നവകേരളമെന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കു ദിശാബോധത്തോടെ മുന്നേറാൻ കേരളത്തിന് കഴിയേണ്ടതുണ്ട്. അതിനു കഴിയും വിധമുള്ള കാലിക പ്രസക്തിയുള്ള വിഷയത്തെ ആധാരമാക്കിയാണ് ഈ സെമിനാർ സംഘടിപ്പിച്ചിട്ടുള്ളത്. സെമിനാറിൽ ഉരുത്തിരിഞ്ഞു വരുന്ന ആശയങ്ങൾ സർക്കാരിന് മുൻപാകെ സമർപ്പിക്കണം. ആജീവനാന്ത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടുതൽ നവീകരിക്കുന്നതിനായി എസ്.ആർ.സി. ക്ക് ആവശ്യമായ പിന്തുണ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സെമിനാർ സംഘടിപ്പിച്ച എസ്.ആർ.സി. ക്ക് മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു. എസ്.ആർ.സി.യുടെ പുതിയ മൂന്ന് കോഴ്‌സുകളുടെ മൊഡ്യൂളുകൾ മന്ത്രി ചടങ്ങിൽ പ്രകാശനം ചെയ്തു.

ആന്റണി രാജു എം.എൽ.എ. അധ്യക്ഷനായിരുന്ന ചടങ്ങിൽ മുൻ ധനകാര്യ വകുപ്പ് മന്ത്രിയും വിജ്ഞാന കേരളം പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവുമായ ഡോ. ടി. എം. തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തി. തിരുവനന്തപുരം മുൻസിപ്പൽ കോർപറേഷൻ കൗൺസിലർ ജി. മാധവദാസ്, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ ഡയറക്ടർ ഡോ പി. പ്രമോദ്, സംസ്ഥാന ലൈബ്രേറി കൗൺസിൽ സെക്രട്ടറി വി. കെ. മധു, എസ്.ആർ.സി. മുൻ ഡയറക്ടർ സി. എ. സന്തോഷ്, സി-ഡിറ്റ് മുൻ ഡയറക്ടർ ഡോ അച്യുത്ശങ്കർ, എസ്.ഐ.ഇ.ടി. ഡയറക്ടർ ബി. അബുരാജ്, ഹയർ സെക്കന്ററി അക്കാഡമിക് വിഭാഗം ജോയിന്റ് ഡയറക്ടർ ഡോ. ഷാജിത എസ്., വിദ്യാകിരണം അസിസ്റ്റന്റ് കോർഡിനേറ്റർ ഡോ. സി. രാമകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com