
കോഴിക്കോട് : പള്‍സ് പോളിയോ ദിനമായ ഒക്ടോബര്‍ 12ന് നടക്കുന്ന പോളിയോ പ്രതിരോധ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ അഞ്ചു വയസ്സില്‍ താഴെയുള്ള 2,06,363 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ യോഗത്തിലാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍, അങ്കണവാടികള്‍, ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായി 2,215 ബൂത്തുകള്‍ ഇതിനായി പ്രവര്‍ത്തിക്കും. കൂടാതെ ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ 53 കേന്ദ്രങ്ങളില്‍ ട്രാന്‍സിറ്റ് ബൂത്തുകളും പ്രവര്‍ത്തിക്കും. ബൂത്തുകളില്‍ എത്താന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും തുള്ളിമരുന്ന് എത്തിക്കാന്‍ 26 മൊബൈല്‍ ടീമുകളുണ്ടാകും. പള്‍സ് പോളിയോ ദിനമായ ഒക്ടോബര്‍ 12ന് തുള്ളിമരുന്ന് നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ അടുത്ത രണ്ടു ദിവസങ്ങളില്‍ വീടുകളിലെത്തി വാക്‌സിന്‍ നല്‍കും. ബൂത്തുകളില്‍ വോളന്റിയര്‍മാരായി തെരഞ്ഞെടുത്ത 4,430 പേര്‍ക്ക് പരിശീലനം നല്‍കിവരുന്നുണ്ട്.
കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ അഡീ. ഡിഎംഒ ഡോ. വി പി രാജേഷ്, ആര്‍സിഎച്ച് ഓഫീസര്‍ ഡോ. വി ആര്‍ ലതിക, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി കെ ഷാജി, വിവിധ വകുപ്പ് പ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.