

കൊച്ചി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ നല്ല കമ്മ്യൂണിസ്റ്റുകാർ വോട്ട് ചെയ്തത് യു.ഡി.എഫിനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു. എറണാകുളത്ത് പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നല്ല കമ്മ്യൂണിസ്റ്റുകാരെ എവിടെ കണ്ടാലും ചിരിക്കണമെന്ന് അദ്ദേഹം അണികളോട് ആവശ്യപ്പെട്ടു."നല്ല കമ്മ്യൂണിസ്റ്റുകാരുടെ ഇനിയുള്ള പ്രതീക്ഷ യു.ഡി.എഫ്. ആണ്. അവരെ കൂടി ഉൾക്കൊള്ളുന്ന പൊളിറ്റിക്കൽ പ്ലാറ്റ്‌ഫോമായി യു.ഡി.എഫ്. മാറി," സതീശൻ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തങ്ങൾ ലക്ഷ്യമിട്ട 'മിഷൻ 25'ൻ്റെ എഴുപത് ശതമാനം ലക്ഷ്യം മാത്രമാണ് പൂർത്തീകരിക്കാനായതെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി. 100 ശതമാനം ലക്ഷ്യം കൈവരിച്ചിരുന്നെങ്കിൽ തിരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.