
തിരുവനന്തപുരം: കേരളത്തിൽ ദേശീയപാത 66-ൻ്റെ നിർമാണം പൂർത്തിയായ ഭാഗങ്ങളുടെ ഉദ്ഘാടനം ജനുവരിയിൽ നടക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയപാത നിർമാണത്തിൽ ചിലയിടങ്ങളിൽ കരാറുകാരുടെ അനാസ്ഥ ഉണ്ടായത് കേന്ദ്രമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി റിയാസ് പറഞ്ഞു.
വേഗത്തിലാക്കാൻ ഗഡ്കരിയുടെ നിർദേശം
തൊഴിലാളികളുടെ എണ്ണം കുറവായത് കാരണം ചിലയിടത്ത് പണി വൈകിയിരുന്നു. എന്നാൽ ഇപ്പോൾ ഇത് മൂന്നിരട്ടിയായി വർധിപ്പിച്ചിട്ടുണ്ട്. കരാറുകാരുടെ അനാസ്ഥയാണ് നിർമ്മാണം വൈകാൻ പ്രധാന കാരണം. 16 റീച്ചുകളിലായി 450 കിലോമീറ്ററിലധികം ദൂരം ഇതുവരെ പൂർത്തിയായിട്ടുണ്ട്. സാധിക്കുമെങ്കിൽ ജനുവരിയോടെ മുഴുവൻ നിർമ്മാണവും തീർക്കണമെന്ന് ഗഡ്കരി എൻ.എച്ച്.എ.ഐക്ക് (ദേശീയപാത അതോറിറ്റി) നിർദേശം നൽകിയിട്ടുണ്ട്.
ഗ്രീൻഫീൽഡ് പാതയും എലിവേറ്റഡ് പാതയും
പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് പാതയുടെ ഉദ്ഘാടനവും ജനുവരിയിൽ നടക്കും. കൂടാതെ, ദേശീയപാത വരുമ്പോൾ കോഴിക്കോട് ഒരു ഭാഗത്ത് സംസ്ഥാന പാത മുറിഞ്ഞുപോകുന്നതിന് പരിഹാരം കാണാനായി എലിവേറ്റഡ് പാത പണിയാനും കേന്ദ്രമന്ത്രി ഗഡ്കരി നിർദേശം നൽകിയതായി മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.