
തൃശൂർ: ജില്ലയിൽ ലുലു മാളിന്റെ നിർമാണം വൈകുന്നതിന് പിന്നിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഇടപെടലാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ വെളിപ്പെടുത്തൽ. രണ്ടര വർഷം മുമ്പ് ആരംഭിക്കേണ്ടിയിരുന്ന പദ്ധതി, ഒരു രാഷ്ട്രീയ പാർട്ടിയിലെ വ്യക്തി നൽകിയ അനാവശ്യമായ കേസ് കാരണം മുന്നോട്ട് കൊണ്ടുപോകാനാവാത്ത അവസ്ഥയിൽ ആണെന്നും അദ്ദേഹം പറഞ്ഞു. മൂവായിരത്തോളം പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കുമായിരുന്ന ബൃഹത്തായ പദ്ധതിയാണ് ഇതോടെ പ്രതിസന്ധിയിലായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിയ്യാരത്ത് തൃശൂർ മാനേജ്‌മെന്റ് അസോസിയേഷൻ (ടി.എം.എ) ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
അതേസമയം, കേരളത്തിലെ അറിയപ്പെടുന്ന ഒട്ടുമിക്ക വ്യവസായികളും തൃശൂരിന്റെ സംഭാവനയാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ തലമുറക്ക് പ്രൊഫഷണൽ മികവ് നൽകുന്നതിൽ തൃശൂർ മാനേജ്‌മെന്റ് അസോസിയേഷന്റെ പങ്ക് ശ്ലാഘനീയമാണ്. വ്യവസായ രംഗത്ത് മുന്നേറുമ്പോഴും മാതാപിതാക്കളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം യുവതലമുറയെ ഓർമ്മിപ്പിച്ചു.