

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ്ങിനുള്ള പരസ്യപ്രചാരണം നാളെ (ഞായറാഴ്ച) അവസാനിക്കുന്നതോടെ നാടെങ്ങും കൊട്ടിക്കലാശത്തിന്റെ ആവേശത്തിലേക്ക് കടന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ 9-നാണ് വോട്ടെടുപ്പ്. ഈ ജില്ലകളിലെ പരസ്യ പ്രചാരണം ഞായറാഴ്ച വൈകീട്ട് ആറിന് അവസാനിക്കും. (Local body by elections)
ഹൈറേഞ്ചിലും ലോറേഞ്ചിലുമെല്ലാം മുന്നണികളുടെ ശബ്ദഘോഷയാത്രകൾ സജീവമായിരിക്കുകയാണ്. സ്ഥാനാർഥികളെ വാഴ്ത്തുന്ന അനൗൺസ്‌മെന്റുകളും പാരഡി ഗാനങ്ങളും നിറഞ്ഞ വാഹന പ്രചാരണങ്ങൾ അവസാന ലാപ്പിലാണ്.
പരസ്യപ്രചാരണ സമാപനത്തോടനുബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന കൊട്ടിക്കലാശങ്ങൾ സമാധാനപരമായിരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. റോഡ് ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയിലുള്ള സമാപന പരിപാടികൾ അനുവദനീയമല്ല. ശബ്ദ നിയന്ത്രണമില്ലാതെയുള്ള അനൗൺസ്‌മെന്റുകളും തർക്കങ്ങളും കർശനമായി നിയന്ത്രിക്കും. സമാപന ചടങ്ങുകളിൽ മാതൃകാ പെരുമാറ്റച്ചട്ടവും ഹരിതച്ചട്ടവും പാലിക്കുന്നുണ്ടെന്ന് സ്ഥാനാർഥികളും പാർട്ടികളും ഉറപ്പുവരുത്തണം.
വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടം
പ്രചാരണത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ, സ്ഥാനാർഥികളും പ്രവർത്തകരും വോട്ടുറപ്പിക്കാനുള്ള അവസാനവട്ട പരിശ്രമത്തിലാണ്. പ്രാദേശിക തലത്തിൽ ഗൃഹസന്ദർശനങ്ങളും നേരിട്ടുള്ള കൂടിക്കാഴ്ചകളും തിരക്കിട്ട് നടക്കുന്നു. വിജയ സാധ്യതകൾ കണക്കുകൂട്ടിയ ശേഷം, വിട്ടുപോയ വോട്ടർമാരെ നേരിൽ കാണാനും ഫോൺ വിളിച്ച് വോട്ട് ഉറപ്പിക്കാനുമുള്ള വ്യഗ്രതയിലാണ് സ്ഥാനാർഥികൾ. ഞായറാഴ്ച കൊട്ടിക്കലാശത്തിന് പോകുന്നതിന് മുൻപ് പരമാവധി വോട്ടർമാരെ കണ്ട് സംസാരിക്കാൻ ശനിയാഴ്ചത്തെ സമയം വിനിയോഗിക്കുകയാണ് പ്രവർത്തകർ.
As the first phase of local body elections approaches, the public campaigning across seven districts is set to conclude tomorrow (Sunday) at 6 PM, leading to a vibrant 'kottikalasham' mood in the state. The Election Commission has issued strict directives for the final day, mandating peaceful closing events that adhere to the Model Code of Conduct and Green Protocol, warning against road blocks or noise violations.