കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മദ്യനിരോധനം നിലനിൽക്കെ, മദ്യം ശേഖരിച്ച് വൻ വിലയ്ക്ക് വിൽപ്പന നടത്തിയ ആളെ കൊട്ടിയം പോലീസ് പിടികൂടി. ഉമയനല്ലൂർ പറക്കുളം ദയാ മൻസിലിൽ സുധീറിനെയാണ് 20 ലിറ്റർ വിദേശമദ്യവുമായി അറസ്റ്റ് ചെയ്തത്.(Local body elections, Man arrested for selling liquor at high prices on Dry Day)
പറക്കുളം എം.ഇ.എസ്. സ്കൂളിനടുത്തുള്ള ഇയാളുടെ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി പോലീസ് ഇൻസ്പെക്ടർ പ്രദീപിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് പരിശോധന നടത്തിയത്. അര ലിറ്റർ വീതമുള്ള 40 കുപ്പികളിലായി 20 ലിറ്റർ വിദേശമദ്യമാണ് പോലീസ് പിടിച്ചെടുത്തത്.
ബെവറേജസ് മദ്യഷോപ്പിൽനിന്നും പലപ്പോഴായി മദ്യം വാങ്ങി ശേഖരിച്ച് ഡ്രൈ ഡേ ദിവസങ്ങളിൽ വലിയ വിലയ്ക്ക് വിൽക്കുകയായിരുന്നു ഇയാളുടെ രീതിയെന്ന് പോലീസ് അറിയിച്ചു. എസ്.ഐ. നിതിൻ നളൻ, വിഷ്ണു, ഷാജി, സി.പി.ഒമാരായ ശംഭു, ഹരീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.