അന്താരാഷ്ട്ര തലത്തിലെ മുൻനിര സാങ്കേതികവിദ്യാ, സ്റ്റാർട്ടപ്പ് പ്രദർശന മേളയായ ജൈറ്റെക്സ് ഗ്ലോബലിൽ, കേരളത്തിന്റെ ഐ.ടി പവലിയൻ ഉദ്ഘാടനം ചെയ്തു. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ, അഞ്ച് ദിവസമായാണ് ജൈറ്റെക്സ് ഗ്ലോബലിന്റെ 45-ാം പതിപ്പ് അരങ്ങേറുന്നത്. കേരള ഐടിയുടെയും, കേരളത്തിലെ ടെക്‌നോളജി കമ്പനികളുടെ കൂട്ടായ്മയായ, ജിടെകിന്റെ നേതൃത്വത്തിൽ, സംസ്ഥാനത്ത് നിന്നുള്ള 28 ഐടി/ഐടിഇഎസ് സ്ഥാപനങ്ങളുടെ സംഘമാണ്, മേളയിൽ പങ്കെടുക്കുന്നത്. കേരള പവലിയനിലൂടെ കമ്പനികൾ അവരുടെ നൂതനമായ ഉത്പന്നങ്ങളും സേവനങ്ങളുമാണ് പ്രദർശിപ്പിക്കുന്നത്.
2016 മുതൽ ജൈറ്റെക്സ് ഗ്ലോബലിൽ സ്ഥിര സാന്നിധ്യമാണ് കേരള ഐടി. 96 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ വിശാലമായ പവലിയനിലാണ് കേരളത്തിന്റെ പ്രദർശനം അരങ്ങേറുന്നത്. സുസ്ഥിര വികസനത്തിനും സാമൂഹിക പുരോഗതിക്കും വേണ്ടി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധതയെ അടയാളപ്പെടുത്തുന്ന രീതിയിലാണ് പവലിയൻ വിഭാവനം ചെയ്തിരിക്കുന്നത്.
കേരള പവലിയന്റെ ഉദ്ഘാടനച്ചടങ്ങിൽ കേരള സർക്കാരിനെ പ്രതിനിധീകരിച്ച് ഐ.ടി. സെക്രട്ടറി ശ്രീറാം സാംബശിവ റാവു ഐ.എ.എസ്., ടെക്നോപാർക്ക് സി.ഇ.ഒ. കേണൽ സഞ്ജീവ് നായർ (റിട്ട.), കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക എന്നിവർ പങ്കെടുത്തു.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികളാണ് കേരളത്തിൽ നിന്നും ജൈറ്റെക്സ് ഗ്ലോബലിന്റെ ഭാഗമാകുന്നത്.
ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് എന്നീ കേരളത്തിലെ മൂന്ന് ഐ.ടി. പാർക്കുകളും, ജിടെക്കും ചേർന്നാണ് ജൈറ്റെക്സ് ഗ്ലോബൽ 2025-ൽ, കേരളത്തിലെ ഐ.ടി./ഐ.ടി.ഇ.എസ്. കമ്പനികളെ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്ന ഈ സംരംഭത്തിന് നേതൃത്വം നൽകുന്നത്.