
കൊല്ലം: മുട്ടറ മരുതിമലയിൽ നിന്നും താഴേക്ക് വീണ രണ്ട് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. അടൂർ സ്വദേശിനികളായ മീനു, ശിവർണ്ണ എന്നിവർക്കാണ് അപകടം സംഭവിച്ചത്. /അടൂർ പെരിങ്ങനാട് സ്വദേശിനിയായ മീനു (14) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ശിവർണ്ണ കൊല്ലത്തെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇരുവരും ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളാണ്.
വൈകുന്നേരം 6:30 ഓടെയാണ് സംഭവം. അപകടകരമായ സ്ഥലത്തേക്ക് കുട്ടികൾ പോകുന്നത് കണ്ടവരുണ്ട്. കുറച്ച് കഴിഞ്ഞപ്പോൾ പെൺകുട്ടികളെ താഴെ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. പെൺകുട്ടികൾ മലയിൽ നിന്ന് ചാടിയതാണോ എന്ന സംശയവും പോലീസ് പ്രകടിപ്പിക്കുന്നുണ്ട്. ഇക്കോ ടൂറിസം കേന്ദ്രമായ മരുതിമലയിൽ സംഭവിച്ചതിനെക്കുറിച്ച് പൂയപ്പള്ളി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.