കുറഞ്ഞ നിരക്കിൽ ആധുനിക വന്ധ്യതാ ക്ലിനിക്ക്; സർക്കാർ മേഖലയിൽ വന്ധ്യതാ ചികിത്സയ്ക്ക് കരുത്തേകി തൃശ്ശൂർ മെഡിക്കൽ കോളേജ്

കുറഞ്ഞ നിരക്കിൽ ആധുനിക വന്ധ്യതാ ക്ലിനിക്ക്; സർക്കാർ മേഖലയിൽ വന്ധ്യതാ ചികിത്സയ്ക്ക് കരുത്തേകി തൃശ്ശൂർ മെഡിക്കൽ കോളേജ്
Published on

എല്ലാ ദമ്പതിമാരുടെയും സ്വപ്നമാണ് ഒരു കുഞ്ഞ്. വിവാഹശേഷം വർഷങ്ങൾ കാത്തിരുന്നിട്ടും കുഞ്ഞുങ്ങളുണ്ടാവാത്തവർക്ക് ആശ്രയകേന്ദ്രമായി മാറുകയാണ് തൃശ്ശൂർ മെഡിക്കൽ കോളേജിലെ വന്ധ്യതാ ക്ലിനിക്ക്. 2014 മുതൽ ഇവിടെ വന്ധ്യതാ ക്ലിനിക് പ്രവർത്തിക്കുന്നുണ്ടെങ്കിലും ഐ.വി.എഫ്. സംവിധാനം ഉണ്ടായിരുന്നില്ല. എന്നാൽ, ഈ വർഷം ജൂലൈയിൽ ഐ.വി.എഫ്. സൗകര്യങ്ങളോടുകൂടിയ ആധുനിക വന്ധ്യതാ ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചത് സർക്കാർ മേഖലയിലെ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമായി. കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകൾക്ക് പുറമെയാണ് തൃശ്ശൂരിലും ഈ സൗകര്യം ലഭ്യമായത്.

സ്വകാര്യ ആശുപത്രികളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കിൽ ചികിത്സ നൽകുകയാണ് ക്ലിനിക്കിന്റെ ലക്ഷ്യമെന്ന് , ഗൈനക് & ഒബ്സ്ടെട്രിക് പ്രൊഫസർ എ. വി ദീപക്

പറയുന്നു. ഭാവിയിൽ ഒരു റീപ്രൊഡക്ടീവ് മെഡിസിൻ ഡിപ്പാർട്ട്‌മെന്റായി വളർത്തുവാനുള്ള പദ്ധതിയും ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വന്ധ്യതാനിർണയം, ബീജ പരിശോധന, ഐ.യു.ഐ, ഐ.വി.എഫ്, ഐ.സി.എസ്.ഐ തുടങ്ങിയ അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. ഇതിനുപുറമേ, താക്കോൽദ്വാര ശസ്ത്രക്രിയകൾക്കായി ഒരു പ്രത്യേക ഓപ്പറേഷൻ തിയറ്റർ സംവിധാനം സജ്ജമാക്കുന്നത് പരിഗണനയിലാണ്.

രജിസ്ട്രേഷൻ ഫീസ് 200 രൂപയും, ഫോളിക്കുലാർ സ്റ്റഡിക്ക് 400 രൂപയും, തുടർന്നുള്ള ഫോളിക്കുലാർ സ്റ്റഡിക്ക് 50 രൂപയുമാണ് ഇവിടെ ഈടാക്കുന്നത്. ഐ.യു.ഐ. ചികിത്സയ്ക്ക് 1000 രൂപയും, ഡോണർ ഉപയോഗിച്ചുള്ള ഐ.യു.ഐ. ചികിത്സയ്ക്ക് 1500 രൂപയുമാണ് നിരക്ക്. ഡയഗ്നോസ്റ്റിക് ലാപ്രോസ്‌കോപ്പി, ഓപ്പറേറ്റീവ് ലാപ്രോസ്‌കോപ്പി, ലാപ്രോടമി എന്നിവക്ക് 5000 രൂപ വീതമാണ് ഈടാക്കുന്നത്. ഐ.വി.എഫ്. ചികിത്സാ നിരക്ക് 60,000 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.

തിങ്കൾ മുതൽ ശനി വരെയാണ് ഒ.പി. സേവനം. കൗൺസലിംഗ് ഉൾപ്പെടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഇവിടെ ചികിത്സ നൽകുന്നത്. പുതിയ രജിസ്‌ട്രേഷനുകൾ എല്ലാ ബുധനാഴ്ചയും ഉണ്ടായിരിക്കും.

മൂന്ന് ഡോക്ടർമാർ, ഒരു സ്റ്റാഫ് നഴ്സ്, ഒരു ലാബ് ടെക്നീഷ്യൻ, ഒരു മൾട്ടിപ്പർപ്പസ് വർക്കർ, ഒരു കൌണ്ടർ സ്റ്റാഫ് എന്നിവരടങ്ങുന്ന സംഘമാണ് ക്ലിനിക്കിന് നേതൃത്വം നൽകുന്നത്. പ്രവർത്തനമാരംഭിച്ച് രണ്ട് മാസത്തിനകം കേരളത്തിനകത്തും പുറത്തുനിന്നുമായി 90-ഓളം ദമ്പതിമാർ ഇവിടെ ചികിത്സ തേടിയെത്തിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com