
ഇന്നത്തെ 5 പ്രധാന വാർത്താ തലക്കെട്ടുകൾ നോക്കാം (13-10-2025) | Today's 5 major news headlines
Trump : 'ഗാസ യുദ്ധം അവസാനിച്ചു': ട്രംപ് ഇസ്രായേലിലേക്ക്, ഇന്ന് നിർണായക സമാധാന ഉച്ചകോടി, ബന്ദികൾ മോചിതരാകും
ഡൊണാൾഡ് ട്രംപ് ഇസ്രായേലിലേക്ക്. ഗാസയിലെ യുദ്ധം അവസാനിച്ചുവെന്ന് ട്രംപ് പറഞ്ഞു. ഇസ്രായേലിനും ഹമാസിനും ഇടയിൽ വെടിനിർത്തൽ കരാർ ഒപ്പിട്ടതിനു ശേഷമുള്ള ട്രംപിൻ്റെ ആദ്യ സന്ദർശനമാണിത്. ഈജിപ്തിൽ നടക്കുന്ന ഉന്നതതല സമാധാന ഉച്ചകോടിയിൽ സഹ-അധ്യക്ഷത വഹിക്കുന്നതിനുമുമ്പ് അദ്ദേഹം നെസെറ്റിനെ അഭിസംബോധന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. മേഖലയുടെ ഭാവിയെക്കുറിച്ച് ചോദിച്ചപ്പോൾ, "ഇത് സാധാരണ നിലയിലാകുമെന്ന് ഞാൻ കരുതുന്നു" എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Fire force : കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമം : കൊല്ലത്ത് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ 3 പേർക്ക് ദാരുണാന്ത്യം
കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്‌സ് അംഗം ഉൾപ്പെടെ 3 പേർക്ക് ദാരുണാന്ത്യം. കൊല്ലം നെടുവത്തൂരിലാണ് സംഭവം. മരിച്ചത് കൊട്ടാരക്കര ഫയർ ആൻഡ് റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങൽ സ്വദേശി സോണി എസ്. കുമാർ (36), കിണറ്റിൽ ചാടിയ നെടുവത്തൂർ സ്വദേശിനി അർച്ചന (33), സുഹൃത്ത് ശിവകൃഷ്ണൻ (22) എന്നിവരാണ്.
DYFI : DYFI നേതാക്കൾ ആക്രമിച്ച വിനേഷിൻ്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി : മൊഴിയെടുത്ത് പോലീസ്
ഡി വൈ എഫ് ഐ പാർട്ടി പ്രവർത്തകർ ക്രൂരമായി ആക്രമിച്ച ഡി വൈ എഫ് ഐ പ്രവർത്തകൻ വിനേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. പാലക്കാട് വാണിയംകുളത്താണ് സംഭവം. ഇയാളിൽ നിന്ന് പോലീസ് മൊഴിയെടുത്തു. സംഭാഷണത്തിൽ അൽപ്പം കൂടി വ്യക്തത ഉണ്ടാകുമ്പോൾ വീണ്ടും മൊഴിയെടുക്കും എന്നാണ് പോലീസ് അറിയിച്ചത്. വിനേഷ് നൽകിയത് അന്വേഷണ സംഘത്തിൻ്റെ ഇതുവരെയുള്ള കണ്ടെത്തൽ ശരി വയ്ക്കുന്ന രീതിയിലുള്ള മൊഴിയാണ് എന്നാണ് വിവരം.
Wild elephant : വീണ്ടും ജീവനെടുത്ത് കാട്ടാന : രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വാൽപ്പാറയിൽ രണ്ടര വയസുകാരിക്കും മുത്തശ്ശിക്കും ദാരുണാന്ത്യം
വീണ്ടും ജീവനെടുത്ത് കാട്ടാന. തമിഴ്‌നാട് വാൽപ്പാറയിലാണ് സംഭവം. കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത് രണ്ടര വയസുകാരിക്കും മുത്തശ്ശിക്കുമാണ്. പുലർച്ചെ രണ്ടരയ്ക്കാണ് ഉമ്മാണ്ടി മുടക്ക് എസ്റ്റേറ്റിന് സമീപം സംഭവമുണ്ടായത്. മരിച്ചത് അസലാ (52), ഹേമശ്രീ ( രണ്ടര വയസ്) എന്നിവരാണ്. രണ്ടു കാട്ടാനകൾ വീടിൻ്റെ ജനൽ തകർക്കുന്നത് കണ്ട മുത്തശ്ശി ഇന്ന് പുലർച്ചെ കുഞ്ഞുമായി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, വീടിൻ്റെ മുൻഭാഗത്ത് നിന്ന മറ്റൊരു കാട്ടാൻ ഇവരെ ആക്രമിച്ചു. കുഞ്ഞ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
Karur stampede : കരൂർ ദുരന്തം : ഇന്ന് വിജയ്ക്ക് നിർണായക സുപ്രീംകോടതി വിധി
41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തം സംബന്ധിച്ച് ഇന്ന് നടനും ടി വി കെ മേധാവിയുമായ വിജയ്ക്ക് നിർണായക ദിനമാണ്. സുപ്രീം കോടതി വിധി കാത്തിരിക്കെ, ഹർജിക്കാർ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആണ് ഡി എം കെയുടെ വാദം.