ആദ്യഘട്ടത്തിൽ 80 ടൈറ്റിൽ പാഠപുസ്തകങ്ങൾ പരിഷ്‌കരിക്കും: മന്ത്രി വി ശിവൻകുട്ടി

 v sivankutty
Published on

സംസ്ഥാനത്തെ ഹയർസെക്കൻഡറി പാഠപുസ്തക പരിഷ്‌കരണത്തിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ എസ്.സി.ഇ.ആർ.ടി. യുടെ 80 ടൈറ്റിൽ പുസ്തകങ്ങൾ പരിഷ്‌കരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സെക്രട്ടറിയേറ്റ് പിആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ജൂലൈ 25 ന് നടന്ന ഹയർസെക്കന്ററി പാഠ്യപദ്ധതി പരിഷ്‌കരണം സംബന്ധിച്ച ജനകീയ ചർച്ചകളുടെ സംസ്ഥാനതല ഉദ്ഘാടനത്തിൽ വിവിധ മേഖലകളിൽ നിന്നായി വിദ്യാർത്ഥികളും പൊതുജനങ്ങളും ഉൾപ്പെടെ ആയിരത്തിലധികം പേർ പങ്കെടുത്തു. ഏഴ് ഗ്രൂപ്പുകളിലായി ചർച്ചകളും അവതരണവും നടന്നു. കൂടാതെ പങ്കെടുത്തവർ അവരുടെ അഭിപ്രായങ്ങൾ എഴുതി നൽകുകയും ചെയ്തു.

ആഗസ്റ്റ് 1,2,4,5 തീയതികളിൽ ജില്ലാതല ചർച്ചകൾ സംഘടിപ്പിക്കും. ഹയർ സെക്കന്ററി/വൊക്കേഷണൽ ഹയർ സെക്കന്ററി ആർ.ഡി.ഡി, എ.ഡി. എന്നിവർ കൺവീനറായ അഞ്ചംഗ സമിതി ചർച്ചകൾക്ക് നേതൃത്വം നൽകും. അക്കാദമികമായി നേതൃത്വം നൽകാൻ എസ്.സി.ഇ.ആർ.ടി. റിസർച്ച് ഓഫീസർമാർക്കും ചുമതല നൽകും. ആഗസ്റ്റ് 18 ന് ആരംഭിച്ച് 2026 മാർച്ച് മാസത്തോടുകൂടി പൂർത്തിയാക്കുന്ന തരത്തിലാണ് പാഠപുസ്തക രചനാ പ്രവർത്തനങ്ങൾ ക്രമീകരിക്കുക.

ദേശീയ പഠനനേട്ട സർവ്വേയിൽ സംസ്ഥാനം രണ്ടാം സ്ഥാനം കരസ്ഥമാക്കിയതിന്റെ വിജയാഹ്ലാദ ദിനം ജൂലൈ 30 ന് സ്‌കൂളുകളിൽ ആചരിക്കും. ഈ വർഷം എൻ.എസ്.എസ് വോളന്റിയർമാർ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും സുരക്ഷാ ഓഡിറ്റ് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com