

അബൂദബി: അബൂദബിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തിൽ ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരണത്തിന് കീഴടങ്ങി. മലപ്പുറം കിഴിശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെ മകൻ അസ്സാം (8) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.
കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ ലത്തീഫിന്റെ മറ്റ് മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും വീട്ടിലെ സഹായിയായിരുന്ന തിരൂർ ചമ്രവട്ടം സ്വദേശി ബുഷ്റയും മരിച്ചിരുന്നു. ദുബൈയിൽ താമസിക്കുന്ന കുടുംബം ലിവ ഫെസ്റ്റിവലിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെ അബൂദബി-ദുബൈ റോഡിൽ ഷഹാമയ്ക്ക് സമീപമായിരുന്നു അപകടം.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അബ്ദുൽ ലത്തീഫും ഭാര്യ റുക്സാനയും അബൂദബി ശൈഖ് ശഖ്ബൂത്ത് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
മരിച്ച കുട്ടികളുടെ മൃതദേഹങ്ങൾ യു.എ.ഇയിൽ തന്നെ ഖബറടക്കാനാണ് ബന്ധുക്കളുടെ തീരുമാനം. ഇതിനായുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചുവരികയാണെന്ന് കെ.എം.സി.സി ഭാരവാഹികളും ബന്ധുക്കളും അറിയിച്ചു. യു.എ.ഇയിലെ മലയാളി സമൂഹത്തിനിടയിൽ വലിയ നോവായി മാറിയിരിക്കുകയാണ് ഈ ദുരന്തം.