

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ചെങ്ങറ ഹെറിറ്റേജ് ബാറിന് സമീപം മദ്യലഹരിയിൽ കാപ്പ കേസ് പ്രതിയുടെ ക്രൂരത. കാറിലെത്തിയ യുവാക്കളെ ചില്ലുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെ പോലീസ് സാഹസികമായി പിടികൂടി. അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി ആലിക്കൽ അജ്‌നാസ് (35) ആണ് അറസ്റ്റിലായത്.
വലമ്പൂർ സ്വദേശികളായ വിജേഷ്, സന്ദീപ് എന്നിവർ സഞ്ചരിച്ച കാറിന് തടസ്സമായി അജ്‌നാസ് റോഡിൽ ബൈക്ക് പാർക്ക് ചെയ്തിരുന്നു. ബൈക്ക് മാറ്റാൻ ആവശ്യപ്പെട്ടതോടെ പ്രകോപിതനായ അജ്‌നാസ് കയ്യിലുണ്ടായിരുന്ന ചില്ല് കഷ്ണം ഉപയോഗിച്ച് യുവാക്കളെ ആക്രമിക്കുകയായിരുന്നു. തലയ്ക്ക് കുത്തേറ്റ വിജേഷിന്റെ പരിക്ക് സാരമുള്ളതാണ്.സന്ദീപിന് കൈയ്ക്കാണ് പരിക്ക്. ഇരുവരെയും പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാരെയും പ്രതി ആക്രമിച്ചു. പെരിന്തൽമണ്ണ സ്റ്റേഷൻ ഇൻസ്‌പെക്ടർ സുമേഷ് സുധാകരൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേന്ദ്ര ബാബു എന്നിവർക്ക് പ്രതിയെ പിടികൂടുന്നതിനിടെ കൈയ്ക്ക് പരിക്കേറ്റു. പ്രതിക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു.
കാപ്പ (KAAPA) ചുമത്തപ്പെട്ട പ്രതിയായ അജ്‌നാസ് മുപ്പതോളം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കാപ്പ ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് ഇയാൾ നാട്ടിലെത്തിയത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.