
തിരുവനന്തപുരം: സ്കൂളുകളിൽ സൂംബ പരിശീലനം നടപ്പിലാക്കാനുള്ള സർക്കാർ തീരുമാനത്തെ അനുകൂലിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം(Zumba). കുട്ടികളുടെ ആരോഗ്യവും മാനസിക ഉന്മേഷവും ലക്ഷ്യമിട്ടുള്ള പദ്ധതിയിൽ വിവാദത്തിന്റെ ആവശ്യം എന്താണെന്ന് അറിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതിൽ മതം കലർത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു.
"സർക്കാർ തീരുമാനത്തെ അന്ധമായ കണ്ണോടുകൂടി കണ്ടിട്ട് കാര്യമില്ല. അതിന്റെ എല്ലാവശങ്ങളും പഠിക്കുകയാണ് ആദ്യം വേണ്ടത്. വിദ്യാർഥികൾക്ക് പ്രായത്തിനനുസരിച്ചുള്ള വ്യായാമങ്ങൾ വേണം. മതം അതിന്റെ പരിധിവിട്ട് എല്ലാത്തിലും ഇടപെടാൻ ശ്രമിക്കുന്നത് ശരിയായ കാര്യമല്ല" - ബിനോയ് വിശ്വം പറഞ്ഞു. സർക്കാർ തീരുമാനത്തെ അനുകൂലിച്ച് നിരവധി രാഷ്‌ടീയ മത നേതാക്കൾ മുന്നോട്ടു വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.